കോട്ടപ്പുറം മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ

ലോക്ക് ഡൗൺഇളവ് ലംഘനം:
കോട്ടപ്പുറം മാർക്കറ്റിൽ കർശന നിയന്ത്രണങ്ങൾ
സംസ്ഥാന സർക്കാർ ലോക്ക് ഡൗൺ ഇളവ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോട്ടപ്പുറം മാർക്കറ്റിൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ നഗരസഭാ തീരുമാനം. ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കേസ്സെടുക്കുവാൻ പോലീസിന് നിർദ്ദേശം നൽകിയതായി നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. എംഎൽഎയുടെയും നഗരസഭ ചെയർമാന്റെയും നേതൃത്വത്തിൽ തഹസിൽദാർ, പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പല തവണ കച്ചവടക്കാരുമായും മറ്റും ചർച്ചകൾ നടത്തി തീരുമാനമെടുത്തിട്ടും മാർക്കറ്റിൽ കൃത്യമായി നിയമങ്ങൾ പാലിക്കപ്പെടാതെ പോകുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കാര്യങ്ങൾ കൈവിട്ടു പോകാതിരിക്കുവാൻ കച്ചവടക്കാരും തൊഴിലാളികളും മാർക്കറ്റിൽ വരുന്നവരും സഹകരിക്കണം. കച്ചവടക്കാരും തൊഴിലാളികളും മാസ്‌ക്ക് ധരിക്കണം. സാധനങ്ങൾ വാങ്ങിക്കുവാൻ വരുന്നവർക്കും മാസ്‌ക്ക് നിർബന്ധമാണ്. മാർക്കറ്റിനകത്ത് മാസ്‌ക്ക് ധരിക്കാതെ വരുന്നവർക്കെതിരെ പിഴയടപ്പിക്കുന്നതിന് കൗൺസിൽ യോഗം പോലീസിന് നിർദ്ദേശം നൽകി.
പച്ചക്കറി മാർക്കറ്റ് രാവിലെ 10 മണിവരെയും പലചരക്ക് കച്ചവടം ഉച്ചയ്ക്ക് 12.30 വരെയും മാത്രമെ അനുവദിക്കൂ. കൂട്ടം കൂടി നിലക്കുവാനോ നടക്കുവാനോ അനുവദിക്കില്ല. എല്ലാവരും നിശ്ചിത അകലം പാലിക്കണം. പോലീസിനെ ചന്തയിൽ നിയോഗിക്കും. പോലീസ് നിർദ്ദേശിക്കുന്ന സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യണം. ഇതര സംസ്ഥാന ലോറി ഡ്രൈവർമാർ വാഹനങ്ങളിൽ നിന്ന് ഇറങ്ങുവാനോ വ്യാപാരികളും മറ്റുമായി സമ്പർക്കം പുലർത്തുവാനോ പാടില്ല. ഇക്കാര്യത്തിൽ വ്യാപാരികൾ ശ്രദ്ധിക്കണം. ലോറി ഡ്രൈവർമാരെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഇൻഫ്രാറെഡ് തെർമോ മീറ്റർ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
Comments are closed.