1470-490

മുതലമട മാങ്ങകള്‍ക്ക് വേങ്ങരയില്‍ ആവശ്യക്കാരേറെ

കേരളത്തിന്റെ മാംഗോസിറ്റിയിലെ മധുരമൂറും മാമ്പഴങ്ങള്‍ക്ക് വേങ്ങരയില്‍ ആവശ്യക്കാര്‍ കൂടുന്നു.  ലോക്ക് ഡൗണ്‍ കാലത്ത് വന്‍ നഷ്ടം സംഭവിച്ചേക്കാവുന്ന പാലക്കാട് മുതലമട മാങ്ങകളാണ് റമദാനില്‍ നോമ്പുതുറ വിഭവമാകാന്‍  ജില്ലയിലെ വിപണിയിലെത്തിയത്. ഏഴ് ടണ്‍ മാങ്ങകളാണ്  കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വേങ്ങര, നിലമ്പൂര്‍  ബ്ലോക്കുകളില്‍ വിതരണത്തിനായി എത്തിയത്.

അതില്‍ എട്ട് കിലോയുടെ 140 ഓളം കിറ്റുകളാണ് വേങ്ങര ബ്ലോക്കിലെ ഊരകം, എടരിക്കോട്, വേങ്ങര തുടങ്ങിയ ഗ്രാമ പഞ്ചായത്തുകളില്‍ വില്‍പ്പന  നടത്തിയത്. കൃഷി വകുപ്പ് നടത്തിയ ഈ ഉദ്യമം വളരെ ആശ്വാസമായെന്ന് മുതലമടയിലെ മാമ്പഴ കര്‍ഷകര്‍ അറിയിച്ചിരുന്നു. അല്‍ഫോന്‍സ, സിന്ദൂരം, ബംഗനപ്പള്ളി, ഹിമാ പസന്ത് തുടങ്ങിയ ഇനം മാമ്പഴങ്ങളാണ്  ജില്ലയില്‍ വില്‍പ്പനക്കായി എത്തിച്ചത്. ലോക് ഡൗണ്‍ മൂലം പ്രതിസന്ധിയിലായ മാങ്ങാ കര്‍ഷകര്‍ക്ക്  റമദാനിലെ മുതലമട മാങ്ങ വിപണി വലിയ ആശ്വാസമാവുകയാണ്.  

മുതലമട ഗ്രാമപഞ്ചായത്തിലെ കര്‍ഷകരെ ലോക്ഡൗണ്‍ കാലത്ത് സഹായിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം 

സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച മാര്‍ക്കറ്റ് ടീമാണ് ജില്ലയില്‍ മാങ്ങകള്‍ വിതരണം ചെയതത്. മുതലമട മാങ്ങകള്‍ക്ക്  ആവശ്യക്കാരേറെയാണെന്ന് വേങ്ങര കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍  പ്രകാശന്‍ പുത്തന്‍ മടത്തില്‍ അഭിപ്രായപ്പെട്ടു.

Comments are closed.