1470-490

അടിയന്തരമായി പ്രവൃത്തികൾ മെയ് 15ന് പൂർത്തിയാക്കണം: മന്ത്രി എ സി മൊയ്തീൻ


തദ്ദേശ സ്വയംഭരണ വകുപ്പ് അടിയന്തരമായി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ മേയ് 15ന് തീർക്കണമെന്ന് മന്ത്രി എ സി മൊയ്തീൻ. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അടിയന്തരമായി ഏറ്റെടുക്കേണ്ടതായ പ്രവർത്തനങ്ങൾ സംബന്ധിച്ച യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് തലത്തിലെ സമിതി പ്രവർത്തനങ്ങൾ കൃത്യമായി വിലയിരുത്തണം, ജില്ലയിൽ താമസിക്കുന്ന ഉദ്യോഗസ്ഥർ കൃത്യമായി ഓഫീസിൽ ഹാജറാകണമെന്നും മന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർ മാനുഷികമായി പെരുമാറണം, എല്ലാ സീസണിലേക്കും ആവശ്യമായ കൃഷി ആരംഭിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ തുടങ്ങണമെന്നും മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അതത് പ്രദേശങ്ങളിലെ പ്രവാസികളുടെ കണക്ക് കൃത്യമായി ശേഖരിക്കുകയും അവർ നാട്ടിലെത്തിയാൽ ക്വാറന്റൈനിലാക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ഒരുക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, സമൂഹ അടുക്കള, മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ, കൊയ്ത്ത്, പൊതുമരാമത്ത് നിർമ്മാണങ്ങൾ, തൊഴിലുറപ്പ്, കുടിവെള്ള പ്രശ്‌നം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രവർത്തനങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ തീർക്കണമെന്നും മന്ത്രി പറഞ്ഞു.
കാലവർഷത്തിന് മുൻപ് കാനകളും നദികളും ചാലുകളും തോടുകളും വൃത്തിയാക്കുന്ന പ്രവർത്തനങ്ങളും എത്രയും പെട്ടന്ന് ചെയ്യണം. ജില്ലാ പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി സി.രവീന്ദ്രനാഥ്, ചീഫ് വിപ്പ് കെ.രാജൻ, കളക്ടർ എസ് ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഗ്രാമപഞ്ചായത്ത്, കോർപ്പറേഷൻ, നഗരസഭാ സെക്രട്ടറിമാർ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, പി ടി പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
ഫോട്ടോ അടിക്കുറിപ്പ്: കോവിഡ് 19 നെ തുടർന്ന് തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ മന്ത്രിമാരായ എ സി മൊയതിൻ, സി.രവിന്ദ്രനാഥ് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന യോഗം

Comments are closed.