മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി നിർത്തിവെച്ചു: കോളനി നിവാസികൾ ഭീതിയിൽ
പരപ്പനങ്ങാടി: നഗരസഭയിലെ 15ാം ഡിവിഷൻ മുങ്ങാത്തം തറ പട്ടികജാതി കോളനിയോടു ചേർന്ന് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മധുരം കാട് പാടശേഖരത്തിൽ കഴിഞ്ഞ പ്രളയത്തിൽ ഒഴുകി വന്ന് അടിഞ്ഞുകൂടിയ വലിയ തോതിലുള്ള അജൈവ മാലിന്യങ്ങൾ നഗരസഭ ശുചീകരണ തൊഴിലാളികൾ നീക്കം ചെയ്യുന്ന പ്രവൃത്തി നിർത്തിവെച്ചതിൽ കോളനിവാസികൾക്കിടയിൽ വളരെയധികം ഭീതിയും പ്രതിഷേധവും നിലനിൽക്കുന്നുണ്ട്. പ്രദേശവാസികൾ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയതുപ്രകാരം പ്രസ്തുത സ്ഥലം സന്ദർശിച്ച് കഴിഞ്ഞ ശനി യാഴ്ച്ച മുതൽ നഗരസഭയിലെ ശുചീകരണ തൊഴിലാളികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ ചാക്കിൽ നിറക്കുന്ന പ്രവൃത്തി അഞ്ച് ദിവസമായി നടന്നു വന്നിരുന്നെങ്കിലും കഴിഞ്ഞ ദിവസം നഗരസഭ ഉദ്യോഗസ്ഥരെത്തി പ്രവൃത്തി നിർത്തിവെക്കുവാൻ തൊഴിലാളികളോട് ആവശ്യപ്പെടുകയായിരുന്നു.പ്ലാസ്റ്റിക് മാലിന്യങ്ങൾ അഞ്ഞൂറോളം ചാക്കുകളിലാക്കി വയലിൽ തന്നെ വെച്ചിരിക്കുകയാണ്. മാലിന്യങ്ങൾ ഇളക്കിയെടുത്തപ്പോൾ രൂക്ഷഗന്ധവും തെരുവ് നായ്ക്കളുടെ ശല്യവുമേറെയാണ്.മാലിന്യങ്ങൾ മഴയ്ക്ക് മുമ്പ് മാറ്റിയില്ലെങ്കിൽ പ്രദേശത്ത് കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന ഭീതിയിലുമാണ് കോളനി നിവാസികൾ .നിയമത്തിന്റെ നൂലാമാലാ കൾ ഒഴിവാക്കി ജനങ്ങളുടെ ജീവന് ഭീഷണിയാവുന്ന ഈ മാലിന്യങ്ങൾ നീക്കം ചെയ്യുവാനുള്ള അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവിഷൻ കൗൺസിലറുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിയ്ക്ക് നിവേദനം നൽകി.തുടർ നടപടിയില്ലാത്ത പക്ഷം കൊറോണയുടെ പശ്ചാത്തലത്തിൽ അനുവദനീയമായ സമരപരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് കോളനി നിവാസികൾ പറഞ്ഞു.
Comments are closed.