1470-490

കോവിഡ്: രണ്ടാഴ്ചയ്ക്കുള്ളിൽ ഒരു ലക്ഷം മരണം

കോവിഡ്‌ മരണം രണ്ടുലക്ഷം കടന്നു. രണ്ടാഴ്ചക്കുള്ളിൽ മരിച്ചത് ഒരു ലക്ഷം പേർ ‘ യൂറോപ്പിൽ മാത്രം ആകെ മരിച്ചത് 1.25 ലക്ഷത്തോളം പേർ ‘ അമേരിക്കയിൽ മാത്രം 54,000നപ്പുറം. ജനുവരി ഒമ്പതിനാണ്‌ ആദ്യ മരണം ചൈനയിൽ റിപ്പോർട്ട്‌ ചെയ്‌തത്‌.  മരണസംഖ്യ ഒരുലക്ഷം കടന്നത്‌ ഈ മാസം പത്തിന്‌.

ലോകത്താകെ രോഗബാധിതർ 30 ലക്ഷത്തിലധികമായി. ഒമ്പതരലക്ഷത്തിലധികം അമേരിക്കയിലാണ്‌. അടുത്ത സ്ഥാനങ്ങളിലുള്ള ആറു രാജ്യത്തെയും ആകെ രോഗബാധിതരുടെ എണ്ണത്തേക്കാൾ അധികമാണിത്‌. 81,700 ഓളം ആളുകൾ‌ ഇതുവരെ രോഗമുക്തരായി‌. സ്‌പെയിനിൽ രണ്ടു ലക്ഷത്തിലധികവും ഇറ്റലിയിൽ രണ്ടു ലക്ഷത്തിനടുത്തും രോഗം ബാധിച്ചു. ഫ്രാൻസ്‌, ജർമനി എന്നിവിടങ്ങളിൽ ഒന്നരലക്ഷത്തിലധികം രോഗികൾ. ബ്രിട്ടനിൽ ഒന്നരലക്ഷത്തോളം. തുർക്കിയിൽ രോഗബാധിതർ ഒരുലക്ഷം കടന്നു.
അമേരിക്കയിലും ബ്രിട്ടനിലുമാണ്‌ ഇപ്പോഴും പ്രതിദിന മരണസംഖ്യ കാര്യമായി കുറയാത്തത്‌. ബ്രിട്ടനിൽ ശനിയാഴ്‌ച 813 മരണം. ഒരാഴ്‌ചയ്‌ക്കിടെ ഏറ്റവുമുയർന്ന മരണസംഖ്യ. അവിടെ ആകെ മരണം 20,319. മരണസംഖ്യ 20,000 കടന്ന നാലാമത്തെ യൂറോപ്യൻ രാജ്യമാണ്‌ ബ്രിട്ടൻ. സ്‌പെയിനിൽ 378 പേർകൂടി മരിച്ചപ്പോൾ ആകെ 22,902 ആയി. യൂറോപ്പിൽ ഏറ്റവുമധികം മരണം ഇറ്റലിയിൽ 26,384. ഫ്രാൻസിൽ 22,500 കടന്നു. ബ്രിട്ടനിൽ അയ്യായിരത്തോളവും സ്‌പെയിനിൽ നാലായിരത്തോളവുമാണ്‌ പുതിയ രോഗബാധ.

അമേരിക്കയിൽ വെള്ളിയാഴ്‌ച  നാൽപ്പതിനായിരത്തോളം‌‌ രോഗം സ്ഥിരീകരിച്ചു‌. ശനിയാഴ്‌ചത്തെ കണക്ക്‌ പൂർണമായിട്ടില്ല. 50ൽ 30ലധികം സംസ്ഥാനത്തും പ്രതിദിന  രോഗബാധ വർധിക്കുന്നു‌. ചൈനയിൽ 11 ദിവസമായി മരണമില്ല. മരണസംഖ്യ 4632. ഇറാനിൽ 76 പേർകൂടി മരിച്ചു. ആകെ 5650. മരണസംഖ്യയിൽ മുന്നിലുള്ള മറ്റു രാജ്യങ്ങൾ: ബൽജിയം–-6917. ജർമനി‐ 5806, നെതർലൻഡ്‌സ്‌–-4409.  ബ്രസീൽ–-3704. തുർക്കി–-2706.

Comments are closed.