മറ്റം നിത്യ സഹായ മാതാവിന്റെ തിരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി.

മറ്റം നിത്യ സഹായ മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുന്നാൾ ചടങ്ങുകൾക്ക് തുടക്കമായി. ശനി, ഞായർ ദിവസങ്ങളിലായാണ് തിരുന്നാൾ ചടങ്ങുകൾ നടക്കുക.കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതിനെ തുടർന്ന് ഈ വർഷത്തെ തിരുന്നാൾ ആഘോഷം ചടങ്ങുകൾ മാത്രമായി നടത്തുന്നതിന് തീരുമാനിക്കുകയായിരുന്നു. പതിനായിരങ്ങൾ അനുഗഹം തേടിയെത്തിയിരുന്ന മരിയൻ തീർത്ഥകേന്ദ്രമായ മറ്റം വന മാതാവിന്റെ തീർത്ഥകേന്ദ്രത്തിലെ തിരുന്നാളിന്റെ ചടങ്ങുകൾ ആഘോഷമില്ലാതെയാണ് ഈ വർഷം നടക്കുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച്ച മുതൽ തിരുന്നാൾ വരെയുള്ള ഒമ്പത് ദിവസവും രാവിലെ തിരുന്നാളിന്റെ ഭാഗമായുള്ള ദിവ്യബലിയും നൊവേനയും തീർത്ഥകേന്ദ്രത്തിൽ നടന്നിരുന്നു.തിരുന്നാൾ ദിനങ്ങളിലും ചടങ്ങുകൾ മാത്രമാണ് നടക്കുന്നത്. ശനിയാഴ്ച്ച വൈകീട്ട് 6 ന് മറ്റം സെന്റ് തോമസ് ഫൊറോന വികാരി ഫാ.ഫ്രാങ്കോ കവലക്കാട്ട് കാർമ്മികനായി ദിവ്യബലി, ലദീഞ്ഞ്, നൊവേന, എന്നിവ നടന്നു. തുടർന്ന് കൂടുതുറക്കൽ ശുശ്രൂഷയും നടന്നു. ദീപാലംകൃതമായ നില പന്തലുകളും, മെഗാ ബാന്റ് വാദ്യവും, തേര് മത്സരവും, ഉൾപ്പെടെ ആവേശം നിറച്ചിരുന്ന ആഘോഷങ്ങൾ കോവിഡിന്റെ പശ്ചാത്തലത്തിൽ ഉപേക്ഷിച്ചതോടെ, തീർത്ഥകേന്ദ്രത്തിൽ വൈദികരും, ശുശ്രൂഷകരും ഉൾപ്പെടെയുള്ളവർ മാത്രമാണ് ചടങ്ങുകളിൽ സംബന്ധിച്ചത്. തിരുന്നാൾ ദിനമായ ഞായറാഴ്ച്ച രാവിലെ 10 ന് ആഘോഷമായ പാട്ടു കുർബ്ബാനയും വചനസന്ദേശവും, ലഭിഞ്ഞും, നൊവേനയും നടക്കും. തിരുന്നാളുമായി ബന്ധപ്പെട്ട് ദേവാലയങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ വിശ്വാസികൾക്ക് പ്രവേശനമുണ്ടായിരിക്കുകയില്ല. രാജ്യത്ത് നിലനിൽക്കുന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നിയമങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് വിശ്വാസികളെ തിരുന്നാൾ ചടങ്ങുകളിൽ പങ്കെടുപ്പിക്കാത്തത്. തിരുന്നാൾ ദിനങ്ങളിൽ ദേവാലയത്തിൽ നടക്കുന്ന തിരുന്നാൾ ചടങ്ങുകൾ സിസിടിവി പ്രാദേശികം ചാനൽ വഴിയും, വനമാതാ മീഡിയ ക്ലബ്ബ് യൂട്യൂബ് ചാനലിലൂടെയും വിശ്വാസികൾക്ക് കാണുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments are closed.