1470-490

ലോക്ക് ഡൗൺ: സ്വന്തം പറമ്പിൽ കിണർ നിർമ്മിച്ച് മുരളി

ലോക്ക് ഡൗണിൽ ലോക്കായതോടെ  സ്വന്തം പറമ്പിൽ കിണർ നിർമ്മിച്ച് മുരളി. മഴുവഞ്ചേരി പെന്നരാശ്ശേരി വീട്ടിൽ മുരളിയാണ്, തന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ കോവിഡ് കാലത്ത് കിണർ നിർമ്മാണവുമായി രംഗത്ത് എത്തിയത്. തുവ്വാന്നൂരിൽ സ്വന്തമായുള്ള ഭൂമിയിലാണ് മുരളി, ഭാര്യയുടെയും ഇളയമ്മയുടെയും സഹായത്തോടെ കിണർ നിർമ്മാണത്തിനിറങ്ങിയത്. കഴിഞ്ഞ അഞ്ചാം തിയ്യതി മുതലായിരുന്നു നിർമ്മാണ പ്രവൃത്തി ആരംഭിച്ചത്. ഇരുപത് ദിവസം പിന്നിടുമ്പോൾ ഏഴര കോൽ ആഴത്തിലുള്ള കിണറ്റിൽ വെള്ളം ലഭ്യമായി തുടങ്ങി. സ്വന്തം വീട്ടിലുള്ള പണിയായുധങ്ങളായ കൈക്കോട്ട്, പിക്കാസ് എന്നിവയാണ് കിണർ നിർമ്മാണത്തിനായി ഉപയോഗിച്ചത്. നിർമ്മാണത്തിന്റെ ആദ്യ ഘട്ടത്തിൽ ഭാര്യ സഞ്ചന, മക്കളായ രാഹുൽ കൃഷ്ണ, രോഹിത് കഷ്ണ, ഇളയമ്മ രമണി എന്നിവരും കിണർ കുഴിക്കുന്നതിൽ സജീവമായി ഉണ്ടായിരുന്നു. കിണറിന്റെ ആഴം കൂടിയതനുസരിച്ച് മുരളി ഒറ്റക്കായി കിണറിനകത്ത് ഇറങ്ങിയുള്ള നിർമ്മാണം. കോണികൾ കൂട്ടി കെട്ടിയാണ് കിണറിനകത്തേക്ക് ഇറങ്ങുന്നതും കയറുന്നതും. രാവിലെ ഒമ്പതരയാകുമ്പോഴേക്കും കുടുംബ സമേതം പറമ്പിലെത്തി കിണർ നിർമ്മാണത്തിലേർപ്പെടുകയാണിവർ. കിണറ്റിൽ വെള്ളം കണ്ടെങ്കിലും രണ്ട് കോലു കൂടി ആഴം കൂട്ടാനാണ് മുരളിയുടെ തീരുമാനം. ലോക്ക് ഡൗൺ പ്രഖ്യാപ്പിച്ചതോടെ വീടിനുള്ളിൽ കഴിയേണ്ടി വന്ന സാഹചര്യത്തിലാണ് കിണർ നിർമ്മാണത്തിലേക്ക് തിരിഞ്ഞതെന്ന് മുരളി പറഞ്ഞു. വീട്ടിൽ തന്നെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് നിർമ്മാണം നടത്തുന്നതെന്നും. വീട്ടുക്കാർക്കൊപ്പം രണ്ട് സുഹൃത്തുക്കൾ ഇടയ്ക്ക് സഹായത്തിനായി എത്തിയിരുന്നു. എല്ലാവരും കൂടി ഉത്സാഹിച്ചതോടെ കിണർ നിർമ്മാണം ആനന്ദകരമായി മാറിയെന്നും മുരളി കൂട്ടി ചേർത്തു. ഈ അടുത്ത കാലത്ത് വാങ്ങിയ സ്ഥലത്ത് കിണർ നിർമ്മിക്കണമെന്ന് നിശ്ചയിച്ച് കുറ്റിയടിച്ചുവെങ്കിലും നിർമ്മാണം സ്വന്തമായി ചെയ്യേണ്ടിവരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല അക്കാമയി കുടുംബാംഗമായ മുരളി. ഏറെ ബുദ്ധിമുട്ടാതെ ഏഴര കോൽ താഴ്ച്ചയിൽ വെള്ളം കണ്ടതിന്റെ സന്തോഷത്തിനൊപ്പം തന്റെ അദ്ധ്വാനം ഫലം കണ്ടതിന്റെ ചാരിത്ഥാർത്ഥ്യവുമുണ്ട് ഈ യുവാവിന്.

Comments are closed.