കോഴിക്കോട് ജില്ലയിൽ മൂന്ന് പേര്‍ക്ക് കൂടി രോഗമുക്തി

487 പേര്‍കൂടി നിരീക്ഷണം പൂര്‍ത്തിയാക്കി
കോവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒരു കണ്ണൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് കൂടി ഇന്ന് (25.04.20) ജില്ലയില്‍ രോഗമുക്തി. കോഴിക്കോട് എടച്ചേരി സ്വദേശികളായ രണ്ട് പേരും കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയുമാണ് രോഗമുക്തരായത്. ഇതോടെ രോഗം ഭേദമായ കോഴിക്കോട് ജില്ലക്കാര്‍ ആകെ 13 ഉം ഇതര ജില്ലക്കാര്‍ അഞ്ചും ആയി. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പെടെയുള്ള ആകെ 24 പേരില്‍ 11 പേരാണ് ഇപ്പോള്‍ പോസിറ്റീവായി ചികിത്സയിലുള്ളത്.
487 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി. അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ എണ്ണം 21,665 ആയി. 1193 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്. ഇന്ന് പുതുതായി വന്ന 22 പേര്‍ ഉള്‍പ്പെടെ ആകെ 58 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 12 പേരെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
ഇന്ന് 26 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 812 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 781 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 751 എണ്ണം നെഗറ്റീവ് ആണ്. ഇനി 31 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇന്ന് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ജില്ലാ കൊറോണ കണ്‍ട്രോള്‍ സെല്ലിന്റെ പ്രവര്‍ത്തനം വിലയിരുത്തി. ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ വിവിധ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായി മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ്പ് ലൈനിലൂടെ 30 പേര്‍ക്ക് ഇന്ന് കൗണ്‍സലിംഗ് നല്‍കി. 156 പേര്‍ക്ക് മാനസിക സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഫോണിലൂടെയും സേവനം നല്‍കി. 2867 സന്നദ്ധ സേന പ്രവര്‍ത്തകര്‍ 9516 വീടുകള്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണം നടത്തി.
Comments are closed.