1470-490

വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ യൂട്യൂബ് ചാനലുമായി അധ്യാപിക

കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ യൂട്യൂബ് ചാനലുമായി അധ്യാപിക. പാറന്നൂർ സ്വദേശിനിയും തൃശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയിലെ ഗസ്റ്റ് അധ്യാപികയുമായ പി.എൽ. ജാസ്മിനാണ് ലോക്ക് ഡൗൺ കാലത്തും വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാകുന്ന യൂട്യൂബ് ചാനലുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഹാപ്പി പി.എസ്.സി എന്ന പേരിൽ ആരംഭിച്ച യുട്യൂബ് ചാനൽ സ്കൂൾ വിദ്യാർത്ഥികൾക്കും, പി.എസ്.സി. പരീക്ഷകൾക്ക് ഒരുങ്ങുന്നവർക്കും ഒരുപോലെ ഉപകാരപ്രദമാണ്. രാത്രിയും പകലും വ്യത്യാസമില്ലാതെ പാഠ ഭാഗങ്ങൾ ലഭ്യമാകുന്നതിനാൽ വിദ്യാർത്ഥികൾക്ക് ഈ ലോക്ക് സൗൺ കാലവും രസകരമായ പഠനാനുഭവം സാധ്യമാക്കുന്നതാണ് ഈ യൂട്യൂബ് ചാനൽ. സ്റ്റേറ്റ് സിലബസിലെ ആറാം ക്ലാസ്സിലുള്ള സാമൂഹ്യ ശാസ്ത്ര പാഠഭാഗങ്ങളാണ് ആദ്യഘട്ടമായി ചാനലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ മറ്റു വിഷയങ്ങൾക്കൊപ്പം പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾക്ക് കൂടി ഉപകാരപ്പെടുന്ന രീതിയിലേക്ക് ചാനൽ സജ്ജമാക്കാനുള്ള ഒരുക്കത്തിലാണ് ജാസ്മിൻ ടീച്ചർ. ടെക്സ്റ്റ് ബുക്കുകളിൽ നിന്നും അധ്യാപകസഹായികളിൽ നിന്നും സ്വന്തമായി തയ്യാറാക്കുന്ന ചോദ്യങ്ങളാണ് വീഡിയോകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അപ്രതീക്ഷിതമായെത്തിയ കോവിഡ് കാലത്ത് വിദ്യാർത്ഥികൾക്ക് മുന്നിൽ വിജ്ഞാന വാതായനങ്ങൾ തുറന്നിടാൻ ഹാപ്പി പി.എസ്.സി. എന്ന സംരംഭത്തിന് കഴിയുമെന്ന പ്രതീക്ഷയാണ് ജാസ്മിൻ ടീച്ചർക്കുള്ളത്. യൂട്യൂബിൽ ഹാപ്പി പി എസ് സി എന്ന് സെർച്ച് ചെയ്താൽ ജാസ്മിൻ ടീച്ചറുടെ സ്വപ്നമായ ഈ ചാനലിലേക്ക് എത്താം. കൊമേഴ്സിൽ മാസ്റ്റർ ബിരുദത്തിനൊപ്പം ബിഎഡ്,സെറ്റ്, ടി.ടി.സി എന്നി യോഗ്യതകൾ കൂടിയുള്ള ജാസ്മിൻ ടീച്ചറുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി മലയാളം അധ്യാപകനായ ജോവൽ മാസ്റ്ററും മക്കളായ ഏരോണും, ഏൻവിയയും ഒപ്പമുണ്ട്.

Comments are closed.