1470-490

സ്പ്രിം ക്ളർ : ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി

കോവിഡ് 19 ന്റെ വിശകലനത്തിന് സ്‌പ്രിങ്ക്‌ളർ കമ്പനിയുടെ സേവനം ഉപയോഗപ്പെടുത്തിയത് അതീവ അടിയന്തിര സാഹചര്യത്തിലായിരുന്നുവെന്ന് സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു.മാർച്ച് 28നും ഏപ്രിൽ 11നുമിടക്കുള്ള ചെറിയ കാലയളവിൽ സംസ്ഥാനത്ത് 80 ലക്ഷത്തോളം പേർക്ക് രോഗബാധ ഉണ്ടാവാൻ ഇടയുണ്ടന്ന വിദഗ്ദ്ധ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ധൃതഗതിയിൽ വിവിധ തീരുമാനങ്ങൾ കൈക്കൊണ്ടത്. സിഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലാണ് ഡാറ്റ ശേഖരിച്ചു വയ്ക്കുന്നതെന്നും ഇവ ചോരുന്നില്ലന്ന് ഉറപ്പു വരുത്തുന്നതിന് പരിശോധനാ സംവിധാനമുണ്ടന്നും സർക്കാർ അറിയിച്ചു.

ആമസോൺ ക്ലൗഡ് കേന്ദ്ര സർക്കാരിന്റെ അംഗീകാരമുള്ള ക്ലൗഡ് സ്റ്റോറേജാണ്. കേന്ദ്ര ഇലക്ട്രോണിക് വിവര സാങ്കേതിക വകുപ്പിന്റെ ഏജൻസി ഈ ക്ലൗഡുകളിൽ ഓഡിറ്റിംഗ് നടത്തുന്നുണ്ട് ‘ഡാറ്റാ ചോരുന്നുണ്ടെങ്കിൽ മനസ്സിലാക്കാനാവുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ ഉടൻ നടപടി എടുക്കാൻ സാധിക്കുമെന്നും സർക്കാരിന്റെ വിശദീകരണ പത്രികയിൽ വ്യക്തമാക്കി.

സൗജന്യ വാണിജ്യ വിനിമയ കരാറായതിനാൽ ഐ ടി വകുപ്പിന് നിയമവകുപ്പിന്റെ അംഗീകാരം ആവശ്യമില്ല. ഡാറ്റ സംരക്ഷണത്തിന് ഉറപ്പു നൽകുന്ന വ്യവസ്ഥകളും നിബന്ധനകളുമാണ് പർച്ചേസ് ഓർഡറിൽ ഉള്ളത്. ജനങ്ങളുടെ ജീവൻ അപകടത്തിലാവുന്ന അടിയന്തിര സാഹചര്യത്തിൽ വ്യക്തിസ്വകാര്യത വഴിമാറണം. വിവരം നൽകുന്ന വ്യക്തിയുടെ തന്നെ സംരക്ഷണത്തിനാണ് വിവരങ്ങൾ ശേഖരിക്കുന്നത്. എന്തുരോഗമാണ് നിലവിൽ ഉള്ളതെന്നല്ലാതെ രോഗത്തിന്റെ വിശദാംശങ്ങൾ ശേഖരിക്കുന്നില്ല. കോവിഡ് പ്രതിരോധത്തിനുള്ള വിവരങ്ങൾ മാത്രമാണ് ശേഖരിക്കുന്നത്. വ്യക്തിഗത ആരോഗ്യ വിവരങ്ങൾ ശേഖരിക്കാൻ വ്യക്തിയുടെ അനുമതി നിയമപരമായി ആവശ്യമില്ല. പൊതുജനാരോഗ്യത്തെ മുൻനിർത്തി വ്യക്തിയുടെ അനുമതിയില്ലാതെ തന്നെ സർക്കാരിന് ശേഖരിക്കാൻ കേന്ദ്ര വ്യക്തി ഡാറ്റ സoരക്ഷണ നിയമത്തിൽ വ്യവസ്ഥയുണ്ടന്നും സർക്കാർ വിശദീകരിച്ചു

Comments are closed.