1470-490

ഡോക്ടർ സൈമൺ ഹെർക്കുലിസിന് ആദരമർപ്പിച്ച് ആരോഗ്യ പ്രവർത്തകർ

ചെന്നൈയിൽ കോവിസ് 19 – ബാധിച്ച് മരിച്ച ഡോക്ടർ സൈമൺ ഹെർക്കുലിസിന് ആദരമർപ്പിച്ച് ആരോഗ്യ പ്രവർത്തകർ. ചൂണ്ടൽ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറും മറ്റ് സ്റ്റാഫ് അംഗങ്ങളും ബുധനാഴ്ച്ച ജോലിക്ക് ഹാജരായത് ഞാൻ ഡോക്ടർ സൈമൺ ഹെർക്കുലീസ് എന്ന ബാഡ്ജ് ധരിച്ചായിരുന്നു. കൊറോണ ബാധിച്ച് മരണത്തിന് കീഴടങ്ങിയ ഡോക്ടർ സൈമൺ ഹെർക്കൂലിസിന്റെ മൃതദേഹം സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടക്കവെ അദ്ദേഹത്തിന്റെ ബന്ധുക്കളെ കല്ലെറിഞ്ഞ് വീഴ്ത്തിയിരുന്നു. പിന്നീട് ശക്തമായ പോലീസ് കാവലിലാണ് ഡോക്ടറുടെ മൃതദ്ദേഹം സംസ്ക്കാരം നടത്തിയത്. സ്വന്തം ആരോഗ്യം പോലും നോക്കാതെ കോറൊണ വൈറസ് വ്യാപനം പ്രതിരോധിക്കുന്നതിനായി പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ പ്രതീകമായ ഡോക്ടർ സൈമൺ ഹെർക്കുലീസിന്റെ മൃതദ്ദേഹത്തെ പോലും വെറുതെ വിടാതിരുന്ന നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്ന് വന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചൂണ്ടൽ പഞ്ചായത്തിലെ ആരോഗ്യ പ്രവർത്തകർ, ഡോക്ടറുടെ പേര് രേഖപ്പെടുത്തിയ ബാഡ്ജ് ധരിച്ച് ജോലിക്ക് ഹാജരായത്. മെഡിക്കൽ ഓഫീസർ ഡോ. ഉല്ലാസ് മോഹൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.സുജിത്ത്, പി.എൻ. ഷിജു, റോളിൻ കാക്കശ്ശേരി, പബ്ലിക്ക് ഹെൽത്ത് നേഴ്സ് പത്മജ എന്നിവരുടെ നേതൃത്വത്തിലാണ് ജീവനക്കാർ ഡോക്ടർ സൈമൺ ഹെർക്കുലീസിന്റെ പേരുള്ള ബാഡ്ജ് ധരിച്ച് ജോലി ചെയ്തത്.

Comments are closed.