1470-490

വീട്ടിലിരുന്ന് വീഡിയോ എടുത്ത് സമ്മാനങ്ങള്‍ നേടാം

നൈപുണ്യമേഖലയിലുള്ളവര്‍ക്ക് വേറിട്ട മത്സരവുമായി അസാപ്

നൈപുണ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ ലോക്ഡൗണ്‍കാലം രസകരമാക്കാനും വീട്ടിലിരുന്ന് വീഡിയോ എടുത്ത് സമ്മാനങ്ങള്‍ നേടാനും അസാപ് (അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം)  അവസരം നല്‍കുന്നു. നൈപുണ്യമേഖലയിലുള്ളവരുടെ വ്യത്യസ്തമായ  കഴിവുകള്‍ കണ്ടെത്താനും അവര്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കാനുമായി മലപ്പുറം അസാപ് സംഘടിപ്പിക്കുന്ന  ‘നൈപുണ്യമേധം’ എന്ന ഓണ്‍ലൈന്‍ മത്സരത്തിലൂടെയാണ് അവസരം. ഈ മേഖലയില്‍ പൊതുജനങ്ങള്‍ക്ക് ഉപകരിക്കുന്നതും വീട്ടില്‍ ചെയ്യാവുന്നതുമായ  ചെറിയ ടിപ്പുകളടങ്ങിയ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ മൊബൈല്‍ ഫോണില്‍  എടുത്താണ് മത്സരത്തിന് അയക്കേണ്ടത്. അയക്കുന്ന  വീഡിയോയില്‍ മത്സരാര്‍ഥി പേര്,സ്ഥലം തുടങ്ങിയ വിവരങ്ങളോടു കൂടി സ്വയം പരിചയപ്പെടുത്തണം. പ്ലംബിങ്/ഇലക്ട്രീഷ്യന്‍/മെക്കാനിക്ക്/ ബ്യൂട്ടീഷ്യന്‍/ആശാരിപ്പണി/സമാനമായ മറ്റേതെങ്കിലും നൈപുണ്യമേഖലയില്‍ കഴിവുള്ള ഏപ്രില്‍ 30ന് 16 വയസ്സ് പൂര്‍ത്തിയായവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.   മത്സരത്തിന് ലഭിക്കുന്ന വീഡിയോ നിബന്ധനകള്‍ക്ക് അനുസൃതമായി യൂട്യൂബ്  ചാനലില്‍ അപ് ലോഡ് ചെയ്താണ് മത്സരാര്‍ഥിയെ പ്രഖ്യാപിക്കുക. കൂടുതല്‍ ആളുകള്‍ കാണുന്നതും ലൈക്ക് കിട്ടുന്നതുമായ വീഡിയോ  തയ്യാറാക്കിയ വ്യക്തിയെ മെയ് ദിനത്തില്‍ വൈകീട്ട് അഞ്ചിന് വിജയിയായി പ്രഖ്യാപിക്കും. മത്സാരാര്‍ഥി എടുത്ത വീഡിയോ 9447715806/7510125122 എന്ന വാട്‌സാപ്പ് നമ്പറുകളിലേക്ക് ഐ.ഡി കാര്‍ഡ്, ഫോട്ടോ സഹിതം ഏപ്രില്‍ 30 വൈകീട്ട് അഞ്ചിനകം അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999675 /676/681  എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

Comments are closed.