1470-490

കേച്ചേരി മാർക്കറ്റിൽ പരിശോധന നടത്തി

ചൂണ്ടൽ പഞ്ചായത്തിലെ കേച്ചേരി മാർക്കറ്റിൽ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും പരിശോധന നടത്തി. മാർക്കറ്റിലെ മത്സ്യ മാംസ വിപണന കേന്ദ്രങ്ങളിലെ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനായാണ് സംഘം പരിശോധന സന്ദർശനം നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിലാണ് വിൽപ്പനശാലകൾ പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് നോട്ടീസ് നൽകി സ്ഥാനങ്ങൾ അടപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം  മാർക്കറ്റിലെ അടച്ചുപൂട്ടിയ സ്ഥാപന ഉടമകളുടെ യോഗം പഞ്ചായത്ത് അധികൃതർ വിളിച്ച് ചേർത്തിരുന്നു. മത്സ്യ-മാംസ വിപണന കേന്ദ്രങ്ങൾ വൃത്തിയോടു കൂടിയും, സ്ഥാപനങ്ങളിൽ നിന്നുള്ള അറവ് മാലിന്യങ്ങളും മറ്റ് അവശിഷ്ടങ്ങളും സംസ്കരണം നടത്തിയും പഞ്ചായത്ത് രാജ് ആക്ടിൽ അനുശാസിക്കുന്ന ലൈസൻസ് എടുത്തും മാത്രമെ തുടർന്ന് വ്യാപാരം നടത്താൻ കഴിയൂവെന്ന് യോഗത്തിൽ പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥാപനങ്ങളിൽ ഒരുക്കുന്ന സജ്ജീകരണങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനായാണ് സംഘം മാർക്കറ്റ് സദർശിച്ചത്. അടുത്തുള്ള കെട്ടിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ പൈപ്പ് വഴി മാർക്കറ്റിലെ അഴുക്കുചാലിലേക്ക് ഒഴുക്കുന്നതു ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇത് മാറ്റി സ്ഥാപിക്കാൻ കെട്ടിട ഉടമകളോട് നിർദ്ദേശം നൽകി. സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തിയതിനാലും, പുഴുവരിച്ച മാടിനെ അറക്കാനായി എത്തിച്ചതിനെ തുടർന്നുമാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മത്സ്യ മാംസ വിൽപ്പനശാലകൾ അടച്ചുപൂട്ടണമെന്ന് കാട്ടി പഞ്ചായത്ത്, വ്യാപാരികൾക്ക് നോട്ടീസ് നൽകിയിരുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്. കരീം,സെക്രട്ടറി പി.എ.ഷൈല, വെറ്റിനറി സർജൻ ഡോ. സ്പെൻസർ, ജുനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.സുജിത്ത്, പി.എൻ. ഷിജു, എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്കായി മാർക്കറ്റ് സന്ദർശിച്ചത്.

Comments are closed.