1470-490

മനുഷ്യ വർഗത്തിൻ്റെ ജനിതക വഴി

Dr Augustus Morris

( 1 ) ഒരു അണ്ഡവും പുംബീജവും കൂടിച്ചേർന്ന് ഭ്രൂണമുണ്ടാകുമ്പോൾ , നാമറിയാതെപോകുന്നൊരു കാര്യം കൂടി അവിടെ നടക്കുന്നുണ്ട് . അതൊരു ” അടക്കം ചെയ്യൽ ” ആണ് . മാനവചരിതങ്ങൾ എന്നത് പലായനങ്ങളുടേതാണ് .അതിന്റെ നാൾവഴികൾ ഓരോ ഭ്രൂണങ്ങളിലും ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് . ഓരോ മനുഷ്യനിലും രേഖപ്പെടുത്തപ്പെട്ട ജനിതകത്തിന് മാനവ ഭൂതകാലം വെളിപ്പെടുത്താനുള്ള ശേഷിയുണ്ട് .

( 2 ) ഭാരതീയ ജനത എന്നത് , കിഴക്കിന്റെയും പടിഞ്ഞാറിന്റെയും കൂടിച്ചേരലുകള്‍ക്ക് വിധേയമായ , സങ്കരമായ , കലർപ്പുകളേറെയുള്ള ഒരു ജനതയാണെന്ന കാര്യം, പലപ്പോഴും നാം ഓർക്കാറില്ല .പുരാവസ്തു പഠനങ്ങൾ സൂചിപ്പിക്കുന്നത് 10,000 വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലുണ്ടായിരുന്നത് വേട്ടക്കാരായ ഗോത്രങ്ങളായിരുന്നു .ആയിരം വർഷങ്ങൾക്കുശേഷം , സമീപ പൂർവ്വ ദേശങ്ങളിൽ കൃഷി ആവിർഭവിച്ചപ്പോൾ , കാർഷികവൃത്തിയുടെ സങ്കേതങ്ങളുമായി ഒരു സമൂഹം ഇന്ത്യയിലെത്തുകയും , അവർ വേട്ടക്കാരുടെ ഗോത്രങ്ങളുമായി കൂടിച്ചേരുകയും ചെയ്തു . മെഹർഗഡിൽ ഇന്ന് കാണുന്ന കാർഷിക സംസ്കൃതി ഇവരുടെ സംഭാവനയാകണം .ഇതിന്റെ തുടർച്ചയായിരിക്കണം സൈന്ധവ നാഗരികത .വീണ്ടുമൊരു നാലായിരം വർഷങ്ങൾക്കു ശേഷം , മധ്യറഷ്യൻദേശങ്ങളിലെ പുൽമേടുകളിൽ നിന്നും കാലിമേച്ചിൽക്കാരായ ഒരു സമൂഹത്തിന്റെ ആഗമനം ഭാരതത്തിലേക്കുണ്ടായി .

( 3 ) പുരുഷാധിപത്യ സ്വഭാവം പ്രകടിപ്പിച്ചിരുന്ന കാലിമേച്ചിലുകാർ അറിയപ്പെട്ടിരുന്നത് ” യമ്നായകള്‍ ” എന്നായിരുന്നു .പുറത്തുനിന്നും വന്ന ആര്യന്മാർ എന്ന് പറയുന്നത് ഈ യമ്‌നായകളെ പറ്റിയാണ് . 9000 വർഷങ്ങൾക്കുമുമ്പ് സമീപപൂർവ്വദേശത്തു നിന്നും കുടിയേറിയ കർഷക സമൂഹം ഇവിടെവന്നപ്പോൾ ഉണ്ടായിരുന്ന വേട്ടക്കാരായ തദ്ദേശീയ ഗോത്രവർഗ്ഗം , സങ്കരണത്തിനു വിധേയമായി .ആ തദ്ദേശ വാസികളോട് സാമ്യമുള്ള വിഭാഗം ഇന്നും ഇന്ത്യയിൽ അവശേഷിക്കുന്നുണ്ട് — ലിറ്റിൽ ആൻഡമാൻ ആദിമ നിവാസികൾ .

( 4 ) ഭാരതീയ ഇതിഹാസങ്ങളായ രാമായണം , മഹാഭാരതം എന്നിവയിലൂടെ കണ്ണോടിച്ചാൽ കൂടിച്ചേരലുകളുടെ തെളിവുകൾ കണ്ടെത്താൻ സാധിക്കും . രാമായണം രചിക്കപ്പെട്ടത് വാല്മീകി എന്ന നിഷാദനിലൂടെയായിരുന്നു .വേട്ടക്കാരനായ വാല്മീകി , കവിയായി മാറുന്നത് , വേട്ടക്കാരുടെ ഗോത്രങ്ങൾ നാഗരികത്തിയിലേക്ക് സംക്രമിച്ച കാലത്തിന്റെ ചിഹ്നമാകാം . മഹാഭാരതത്തിൽ ആദ്യന്തം നിഷ്‌ഠരുമായുള്ള സംഘർഷങ്ങളുടെ പശ്ചാത്തലമുണ്ട് .നാഗരികത്തിയിലേക്ക് നയിച്ച കാർഷികസംസ്കാരത്തിന്റെ വക്താക്കൾ , ആദിവാസിയെ കൃഷിക്കാരനോ കവിയോ ആക്കി മാറ്റുക മാത്രമല്ല ചെയ്യുന്നത് , നിഷാദരുടെ സ്ത്രീകളിൽ സ്വന്തം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട് . മാ നിഷാദാ എന്നാൽ അരുത് കാട്ടാളാ എന്ന് മാത്രമേ നാം പഠിക്കുന്നുള്ളൂ.

( 5 ) അരിവാൾ രോഗത്തെപ്പറ്റി പലപ്പോഴും നാം പത്രങ്ങളിൽ വായിക്കാറുണ്ട് . അട്ടപ്പാടിയിൽ മഞ്ഞപ്പിത്തം മൂലം മരിക്കുന്നവരിൽ , അരിവാൾ രോഗം [ SICKLE CELL ANAEMIA ] ഉള്ള കാര്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് . ചുവന്ന രക്താണുക്കളുടെ ആകൃതി , അരിവാൾ പോലെ ആകുന്ന അവസ്ഥ – അവ എളുപ്പം നശിക്കുന്നു – തദ്വാരാ മഞ്ഞപ്പിത്തം ഉണ്ടാകുന്നു .ഇന്ത്യയിൽ നിരവധി ജാതി സമൂഹങ്ങളിൽ , അവരുടേത് മാത്രമായ ജനിതകരോഗങ്ങൾ കാണപ്പെടുന്നു .വൈശ്യ സമൂഹങ്ങളിലെ ചിലർക്ക് അനസ്‌തേഷ്യ മരുന്നുകൾ ഉണ്ടാക്കുന്ന പ്രശ്നങ്ങളെപ്പറ്റി പഠനങ്ങൾ നടന്നിട്ടുണ്ട് . 2018 – 19 കാലമായപ്പോഴേക്കും ആരോഗ്യ മേഖലയിൽ ജനിതകത്തെക്കൂടി അടിസ്ഥാനമാക്കിയുള്ള പരിപാലനം ഉടലെടുത്തു കഴിഞ്ഞു .

Comments are closed.