ലോക്ഡൗണ്‍ കാലത്ത് ടോക്കണ്‍ സംവിധാനം ഉപയോഗിച്ച് മത്സ്യവിപണനം തുടരും

ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പ്രഥമ യോഗം ചേര്‍ന്നു
മലപ്പുറം: ലോക്ഡൗണില്‍ ലേലം ഒഴിവാക്കി ജില്ലയില്‍ തുടര്‍ന്നുവരുന്ന ടോക്കണ്‍ സംവിധാനം ഉപയോഗിച്ച് മത്സ്യവിപണനം നടത്താന്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി യോഗം തീരുമാനിച്ചു. ഡെപ്യൂട്ടി കളക്ടര്‍ പി.മുരളീധരന്റെ (ആര്‍.ആര്‍) അധ്യക്ഷതയില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പ്രഥമ യോഗത്തിലാണ് തീരുമാനം. പൊന്നാനി,താനൂര്‍ ഹാര്‍ബറുകളിലും പരപ്പനങ്ങാടി, ഉണ്ണ്യാല്‍ ലാന്റിങ് സെന്ററുകളിലും വളളങ്ങളുടെ ലാന്റിങും മത്സ്യ വിപണനവും തുടരുന്നതിനും മറ്റ് ലാന്റിങ്് സെന്ററുകളില്‍ വളളങ്ങള്‍ മത്സ്യവിപണനം നടത്തുന്നത് നിരോധിക്കാനും യോഗം തീരുമാനിച്ചു.
മത്സ്യഫെഡ് നിശ്ചയിച്ച് തരുന്ന ആവറേജ് വിലയില്‍ തന്നെ എല്ലാ ദിവസവും മത്സ്യവിപണനം നടത്തും. ഒരു ദിവസം ഒരു ഐറ്റത്തിന് ആദ്യവസാനം വരെ ഏകീകൃത വിലയില്‍ തന്നെ കച്ചവടം നടത്തണം. നിശ്ചയിച്ച വിലക്ക് കച്ചവടക്കാര്‍ മത്സ്യം എടുത്തില്ലെങ്കില്‍ മത്സ്യഫെഡ് ആവശ്യകാര്‍ക്ക് മത്സ്യം ന്യായവിലയില്‍ വിതരണം ചെയ്യും. ഹാര്‍ബറിലേക്ക് പ്രവേശനം ടോക്കണ്‍ എടുക്കുന്ന കച്ചവടക്കാര്‍ക്ക് മാത്രമായിരിക്കും. കാഴ്ചക്കാര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി വരുന്നവര്‍ക്കും ഹാര്‍ബറില്‍ പ്രവേശനം ഉണ്ടാകില്ല. ഹാര്‍ബറില്‍ ലാന്റ് ചെയ്യുന്ന വളളങ്ങളിലെ മത്സ്യങ്ങള്‍ക്ക് ഫിഷറീസിന്റെ സര്‍ട്ടിഫിക്കേഷന്‍ നല്‍കും. പുറത്ത് നിന്ന് പോര്‍ട്ടില്‍ വില്‍പ്പനക്കായി എത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രം വില്‍പ്പനാനുമതി നല്‍കുകയുള്ളൂ. മലപ്പുറം ജില്ല റെഡ്‌സോണായതിനാല്‍ നിലവില്‍ 32 അടിയോ അതില്‍ താഴെയുളള ബോട്ടുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. എന്നാല്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിനിധികളുടെ ആവശ്യാര്‍ത്ഥം ഈ വിഷയം സര്‍ക്കാര്‍ തലത്തില്‍ തീരുമാനിച്ച് നടപടി എടുക്കും.
മഴക്കാല രോഗപ്രതിരോധ നടപടികളുടെ ഭാഗമായി ഹാര്‍ബറുകളില്‍ ഉപയോഗശൂന്യമായി കിടക്കുന്ന യാനങ്ങളെ കമ്‌ഴ്ത്തിയിടാനും വെള്ളം നിറഞ്ഞ് കിടക്കുന്ന ബാരലുകളും ടയറുകളും നീക്കം ചെയ്യാനും യോഗം നിര്‍ദേശം നല്‍കി. പൊന്നാനി പഴയ ഹാര്‍ബറിലുളള ഉപയോഗശൂന്യമായ മീന്‍ചാപ്പകള്‍ ലോക്ഡൗണിന് ശേഷം പൊളിച്ച് മാറ്റും. ഹാര്‍ബറുകള്‍ അണുവിമുക്തമാക്കുന്നതിന് ഫയര്‍ഫോഴ്‌സിന് നിര്‍ദ്ദേശം നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
ജില്ലയിലെ പൊന്നാനി,താനൂര്‍ ഹാര്‍ബറുകളുടെ ഹാര്‍ബര്‍ മാന്ജ്‌മെന്റ് സൊസൈറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായതിന്റെ അടിസ്ഥാനത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ പ്രഥമം യോഗം ചേര്‍ന്നത്. ജില്ലയില്‍ റെഡ്‌സോണായതിനാല്‍ സൂം വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു യോഗം. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ രജിസ്‌ട്രേഷന്‍ മറ്റ് നടപടിക്രമങ്ങള്‍ ലോക്ഡൗണിന് ശേഷം നടത്തും. യോഗത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫുഡ് സേഫ്റ്റി ഓഫീസര്‍, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പൊന്നാനി,താനൂര്‍ മേഖലയിലെ മത്സ്യത്തൊഴിലാളി ട്രേഡ് യൂണിയന്‍, യന്ത്രവത്കൃത യാന ഉടമകളുടെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments are closed.