1470-490

വീടുകളിൽ വാറ്റ്; കടകളിൽ വാറ്റ് കിറ്റ്

സംസ്ഥാനത്ത് വീടുകളിൽ ചാരായം വാറ്റ് വ്യാപകം’ സൂപ്പർ മാർക്കറ്റുകളിൽ നിന്നുൾപ്പടെ ചെറുകിട കടകളിൽ ശർക്കരയുടെയും പഞ്ചസാരയുടെയും വിൽപ്പനയിൽ വൻ തോതിൽ വർധന. ഈത്തപ്പഴം / മറ്റു പഴക്കൾ, യീസ്റ്റ് എന്നിവയും വ്യാപക വിൽപ്പന ‘
മദ്യത്തിന്റെ ലഭ്യത ഇല്ലാതായതോടെ വീടുകളിൽ തന്നെ യൂട്യൂബ് നോക്കിയാണ് ചാരായംവാറ്റുന്നത്.

ഇതോടെ പോലീസിന്റെയും എക്സൈസിന്റെയും പണി കൂടി. കഴിഞ്ഞദിവസങ്ങളിൽ നടത്തിയ പരിശോധനകളിൽ പിടിയിലായവരിൽ ഏറിയപങ്കും ഇത്തരത്തിൽ വീടുകളിൽ തന്നെ ചാരായം വാറ്റുന്നതിനിടെയാണ് കുടുങ്ങിയത്.

ആദ്യഘട്ടത്തിൽ തുരുത്തുകളും ഒറ്റപ്പെട്ട ഇടങ്ങളും കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങൾ സജീവമായതോടെ പോലീസും എക്സൈസും കർശന പരിശോധനയുമായി രംഗത്തിറങ്ങിയിരുന്നു. ഇക്കാലയളവിൽ ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനയിൽ നിരവധി പേരാണ് പിടിയിലായത്. ഇതോടെയാണ് പലരും വീട്ടിൽ തന്നെ പ്രഷർ കുക്കർ ഉപയോഗിച്ചും മറ്റും ചാരായം വാറ്റാൻ ആരംഭിച്ചത്. ആവശ്യക്കാർ ഏറെയുള്ളതിനാൽ ലിറ്ററിന് 2,000 മുതൽ 3,000 രൂപവരെയാണ് ‘പുത്തൻവാറ്റുകാർ’ ഈടാക്കുന്നത്.

അമോണിയപോലെ ശരീരത്തിന് ഏറെ ഹാനികരമായ രാസവസ്തുക്കൾ തീർത്തും അശാസ്ത്രീയമായ അളവിൽ ഉപയോഗിച്ചാണ് ഇത്തരത്തിൽ ചാരായം നിർമിക്കുന്നത്. ഇത് അപകടസാധ്യത ഇരട്ടിയാക്കുന്നു.

ചിലയിടങ്ങളിൽ പലചരക്ക് കടകളിലും മറ്റും ചാരായം വാറ്റുന്നതിനുള്ള സാമഗ്രികൾ ഉൾപ്പെടുത്തി ‘വാറ്റ് കിറ്റു’കൾ വിൽക്കുന്നതായി എക്സൈസിന് വിവരം ലഭിച്ചിരുന്നു. ലോക്ഡൗൺ കാലയളവിൽ അരിഷ്ടത്തിനും ഡിമാൻഡ് ഏറെയാണ്. ഇതിനോടകം പലയിടത്തും വൈദ്യശാലകളിൽനിന്ന് അനധികൃതമായ വിൽപ്പനയ്ക്ക് സൂക്ഷിച്ചിരുന്ന വീര്യമേറിയ അരിഷ്ടം പിടിച്ചെടുത്തിട്ടുണ്ട്. ഇവിടെയെല്ലാം വൈദ്യശാല നടത്തിപ്പുകാരുടെ ലൈസൻസ് റദ്ദ് ചെയ്തിട്ടുണ്ട്.

Comments are closed.