1470-490

അതിർത്തി വഴിയുളള കടന്ന് കയറ്റം; പരിശോധനയ്ക്ക് ഡ്രോൺ ഉപയോഗിക്കും


കോവിഡ് 19 ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ അതിർത്തി കടന്നുളള യാത്രവിലക്ക് നിലനിൽക്കെ തമിഴ്‌നാട്-കേരള അതിർത്തി പ്രദേശമായ മലക്കപ്പാറയിലെ ഊടുവഴികളിലൂടെ കേരളത്തിലേക്കുളള കടന്ന് കയറ്റം തടയാൻ ഡ്രോൺ ഉപയോഗിച്ചുളള പരിശോധന ശക്തമാക്കാൻ ജില്ലാ കളക്ടർ എസ് ഷാനവാസ് നിർദ്ദേശം നൽകി. മലക്കപ്പാറ അതിർത്തി ചെക്ക് പോസ്റ്റിലെത്തി സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തിയതിന് ശേഷം പോലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. റൂറൽ എസ് പി കെ പി വിജയകുമാറും ജില്ലാ കളക്ടറോടൊപ്പം ചെക്ക് പോസ്റ്റ് സന്ദർശിച്ചു. തമിഴ്‌നാടിന്റെ ചെക്ക് പോസ്റ്റും ഇരുവരും സന്ദർശിച്ച് ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി. കേരളവും തമിഴ്‌നാടും അതിർത്തി പങ്കിടുന്ന ഊട് വഴികളെല്ലാം അടച്ചതായും നിരീക്ഷണം കർശനമാക്കിയതായും ഉദ്യോഗസ്ഥർ അറിയിച്ചു.
മലക്കപ്പാറ അടിച്ചിൽതൊട്ടി ആദിവാസി കോളനിയും ജില്ലാ കളക്ടർ എസ് ഷാനവാസും റൂറൽ എസ് പി കെ പി വിജയകുമാറും സന്ദർശിച്ചു. കോവിഡ് 19 ബോധവൽക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ഇത്. സർക്കാർ ഏർപ്പെടുത്തിയ സൗജന്യറേഷനും, പലവ്യജ്ഞന കിറ്റുകളും ജില്ലാ കളക്ടർ എസ് ഷാനവാസ് വിതരണം ചെയ്തു. ആയൂർവേദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പ്രതിരോധ ശേഷിക്കുളള ഔഷധങ്ങളും നൽകി. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ പി ടി പ്രസാദ്, ട്രൈബൽ ഓഫീസർ സന്തോഷ്, ആയൂർവേദ ഡിഎംഒ ഡോ. പി ആർ സലജകുമാരി, ആയുഷ് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം വി വർഗ്ഗീസ്, നോഡൽ ഓഫീസർ ഡോ. ജയകൃഷ്ണൻ, അതിരപ്പിളളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് തങ്കമ്മ വർഗ്ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു വാഴക്കാല, ആദിവാസി മൂപ്പൻ പെരുമാൾ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.