1470-490

കാണുക….ഒരു മാതൃകാ കർഷകനെ

തിരുന്നാവായ: ഇത് കുഞ്ഞിപ്പ…. പ്രളയങ്ങള്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയിട്ടും മനസ് തളരാതെ മണ്ണിനെ പൊന്നാക്കി വിളവെടുക്കുന്ന ഒരു മാതൃക കർഷകൻ .കുറ്റിപ്പുറം പഞ്ചായത്തില്‍ എട്ടാം വാര്‍ഡായ എടച്ചലത്തെ വളഞ്ചാര്‍ തൊടി അബ്ദുളള എന്ന വി.ടി കുഞ്ഞിപ്പയാണ് നഷ്ടങ്ങളില്‍ പതറാതെ മണ്ണിനെ സ്‌നേഹിച്ച് വിത്തെറിഞ്ഞ് ജൈവ കൃഷിയില്‍ നൂറ് മേനി കൊയ്യുന്നത്. 2018ലും,19ലുമുണ്ടായ പ്രളയങ്ങളാണ് കുഞ്ഞിപ്പയുടെ കൃഷിയിടത്തെ പാടെ നക്കി തുടച്ചത്. രണ്ട് ജലപ്രവാഹത്തിലും കൂടി പന്ത്രണ്ട് ലക്ഷം രൂപയാണ് ഈ കര്‍ഷകന്റെ നഷ്ടം. പക്ഷെ എന്നിട്ടും പരാതി പറയാതെ ക്ഷമയോടെ കാർഷിക വൃത്തി തുടരുന്ന ഇദ്ദേഹം ആരെയും അമ്പരപ്പിക്കും. ആയിരം വാഴകള്‍ തകര്‍ന്നടിഞ്ഞ ആദ്യ പ്രളയത്തില്‍ എട്ട് ലക്ഷം രൂപയാണ് ഒലിച്ചു പോയത്. രണ്ടാം പ്രളയത്തില്‍ നാലു ലക്ഷത്തിന്റെ നഷ്ടങ്ങളും സംഭവിച്ചു. ഇത്തവണ നാല്‍പ്പത് ഏക്കര്‍ സ്ഥലത്താണ് പച്ചക്കറി കൃഷിയിറക്കിയത്. നേന്ത്ര, മസൂരി, ആന്ധ്രപൂവന്‍, റോവസ്റ്റ് എന്നിവയാണ് വാഴ കൃഷിയിലെ പ്രധാന ഇനങ്ങള്‍. കുമ്പളം, ചെരങ്ങ, വെളേരി, നെയ് വെളേരി, പടവലം, വെണ്ട, വൈതനങ്ങ, കൈപ്പ, പച്ചമുളക്, വിവിധ തരത്തിലുളള ചീരകള്‍, പലയിനം പയറുകള്‍ തുടങ്ങിയവയാണ് കൃഷിയിടത്തിലെ പ്രധാന വിളകള്‍.കൂടാതെ ഇൗ വര്‍ഷം 25 ഏക്കര്‍ വയലിൽ നെല്‍കൃഷിയും ചെയ്തു. പൊന്‍മണിയുടെ വിത്താണ് ഇത്തവണ ഇറക്കിയത്. ഇവിടെ നിന്നും കൊഴ്‌തെടുത്ത നെല്ല് സപ്ലൈകോ നേരിട്ട് സംഭരിക്കുകയും ചെയ്തു. ഭാര്യ ആയിശ നല്ലൊരു കര്‍ഷകയാണ്. കുഞ്ഞിപ്പയുടെ പ്രവാസ കാലത്ത് കൃഷിയിറക്കിയിരുന്നതും പരിപാലിച്ചിരുന്നതും ആയിശയായിരുന്നു.ഇന്ന് മരുമകള്‍ ഫൗസിയ, മകള്‍ ഫാത്തിമ റഹ്മത്ത് , സഹോദരന്റെ മകന്‍ മുഹമ്മദ് എന്നിവരും കുഞ്ഞിപ്പയെ കൃഷിയിടത്തില്‍ സഹായിക്കാനുണ്ടാകും. 

Comments are closed.