1470-490

ഒറ്റ ദിവസം കൊണ്ട് 151 കേസുകൾ: റെക്കോർഡുമായി കൊടുങ്ങല്ലൂർ പോലീസ്


ലോക്ക് ഡൗൺ ലംഘനത്തിനെതിരെ ഒറ്റദിവസം കൊണ്ട് 151 കേസുകളുമായി റെക്കോർഡിടുകയാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ. ലോക്ക് ഡൗൺ നിയമത്തിൽ ഇളവ് വരുത്തിയതിനെ തുടർന്ന് അനിയന്ത്രിതമായി വാഹനങ്ങൾ നിരത്തിലിറങ്ങിയ സാഹചര്യത്തിലാണ് പോലീസ് നടപടി ശക്തമാക്കിയത്. ബുധനാഴ്ച രാവിലെ മുതൽ വൈകീട്ട് വരെ നടത്തിയ കർശന പരിശോധനയിലാണ് നിരത്തിലിറങ്ങിയ വാഹനങ്ങൾക്ക് പിടിവീണത്. രാത്രി 8.00 മണി വരെ 140 കേസുകളും തുടർന്ന് 11 കേസുകളും രജിസ്റ്റർ ചെയ്തു. ഇതിൽ അനാവശ്യമായി പുറത്തിറങ്ങിയതും സർക്കാർ നിർദ്ദേശങ്ങൾക്ക് വിരുദ്ധമായി ഒറ്റ ഇരട്ട നമ്പർ വ്യവസ്ഥ തെറ്റിച്ചതുമുൾപ്പെടെ 40 ഓളം വാഹനങ്ങളാണ് പിടിച്ചെടുത്തത്. ഇതോടെ ഒരു ദിവസംകൊണ്ട് 101 പേർക്കെതിരെ കേസെടുത്ത തൃശ്ശൂരിനെ പിന്തള്ളിയാണ് കൊടുങ്ങല്ലൂർ പോലീസ് മുന്നിലെത്തിയത്. സർക്കിൾ ഇൻസ്പെക്ടർ പികെ പത്മരാജൻ, എസ് ഐ ഇ ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വാഹന ഉടമകളെ കൂടാതെ കട ഉടമകൾ, പൊതുസ്ഥലത്ത് കൂട്ടം കൂടി നിന്നവർ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇതുവരെയായി 400 കേസുകൾ കൊടുങ്ങല്ലൂരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥലപരിമിതിമൂലം വാഹനങ്ങൾ വിട്ടുനൽകണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകി തുടങ്ങിയിട്ടുണ്ട്. ഇതുവരെയായി 300 വാഹനങ്ങൾ വിട്ടുനൽകി.

Comments are closed.