ജലസ്രോതസുകളുടെ നവീകരണം ഊർജ്ജിതമാക്കുന്നു

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗൺ വിലക്ക് നീക്കിയതോടെ ജലസ്രോതസുകളുടെ നവീകരണം ഊർജ്ജിതമാക്കാൻ കയ്പമംഗലം മണ്ഡലത്തിൽ തീരുമാനം. മതിലകം ബ്ലോക്ക് പഞ്ചായത്തിൽ ഇ ടി ടൈസൺ മാസ്റ്റർ എം എൽ എ വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലേയും വലിയ തോടുകളും, ഉപതോടുകളും, പൊതുകുളങ്ങളും നവീകരിക്കാനും ശുചീകരിക്കാനുമുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിനായി 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികളുടെ മസ്റോൾ തയ്യാറാക്കിയിട്ടുണ്ട്. ഇവർ അഞ്ച് പേർ
വീതമുള്ള നാല് ഗ്രൂപ്പുകളായി ശാരീരിക അകലം പാലിച്ച് ഈ ദൗത്യം പൂർത്തിയാക്കുമെന്നും അദ്ദേഹം അറിയിച്ചു. യോഗത്തിൽ മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, ബി ഡി ഒ വിനീത സോമൻ, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാർ എന്നിവർ പങ്കെടുത്തു.
Comments are closed.