1470-490

നെല്ല് സംഭരണം: ദ്വിദിന രജിസ്‌ട്രേഷൻ അവസാനിച്ചു


സംഭരിച്ചത് 135 കോടി രൂപ മൂല്യമുളള നെല്ല്
തൃശൂർ ജില്ലയിൽ നെല്ല് സംഭരണത്തിന്റെ ഭാഗമായി നടത്തിയ ദ്വിദിന ഓൺലൈൻ രജിസ്‌ട്രേഷൻ സമാപിച്ചപ്പോൾ സപ്ലൈകോ സമാഹരിച്ചത് 135 കോടി രൂപ. ഇതുവരെയായി രജിസ്റ്റർ ചെയ്ത 42291 കർഷകരിൽ നിന്ന് സമാഹരിച്ച 50202 ടൺ നെല്ലിന്റെ മൂല്യമാണിത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ നെല്ല് സംഭരണം നീട്ടണമെന്ന കർഷകരുടെ അപേക്ഷ പ്രകാരമാണ് രണ്ട് ദിവസങ്ങളിലായി രജിസ്ട്രേഷൻ പുനരാരംഭിക്കാൻ സപ്ലൈകോ തീരുമാനിക്കുന്നത്. ഇത് പ്രകാരം ഏപ്രിൽ 20ന് രാവിലെ 10 മുതൽ 21ന് വൈകീട്ട് 5 വരെയാണ് സപ്ലൈകോ കർഷകർക്ക് അവസരം നൽകിയത്. കർഷകരിൽ നിന്ന് പരമാവധി നെല്ല് സംഭരിക്കാൻ ലക്ഷ്യമിട്ട് സപ്ലൈകോ ആരംഭിച്ച നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഫെബ്രുവരി 15ന് അവസാനിച്ചിരുന്നു. മാത്രമല്ല, രജിസ്‌ട്രേഷൻ നീട്ടി നൽകില്ലെന്നും അധികൃതർ അറിയിച്ചിരുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് കർഷകർക്ക് വീണ്ടും അവസരം നൽകിയതെന്ന് സപ്ലൈകോ അധികൃതർ അറിയിച്ചു. 38000 പേർ രജിസ്റ്റർ ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 42291 പേർ രജിസ്റ്റർ ചെയ്തത് നേട്ടമായാണ് സപ്ലൈകോ കരുതുന്നത്. 2020 ജൂൺ 30 വരെ സംഭരണം നീണ്ടുപോകും. ജില്ലയിൽ 41 മില്ലുകളാണ് സംഭരണ രംഗത്തുള്ളത്. തലപ്പിള്ളി താലൂക്കിൽ 12602, തൃശ്ശൂരിൽ 18249, മുകുന്ദപുരം 4898, ചാവക്കാട് 3695, ചാലക്കുടി 2638, കൊടുങ്ങല്ലൂർ 209 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തവരുടെ കണക്ക്.

Comments are closed.