ലോക്ക് ഡൗൺ ഇളവ്: കയ്പമംഗലത്ത് ജാഗ്രത യോഗം

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ കയ്പമംഗലം മണ്ഡലത്തിൽ കൂടുതൽ ജാഗ്രത പുലർത്തുന്നതിനായി ഉന്നതതല യോഗം ചേർന്നു. നിലവിൽ കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നും തന്നെ ഇല്ലെങ്കിലും ജാഗ്രത കൈവിടാൻ സമയമായിട്ടില്ല എന്ന ആരോഗ്യ വകുപ്പിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യോഗം ചേർന്നത്. അനാവശ്യമായി സഞ്ചരിക്കാൻ ആരെയും അനുവദിക്കില്ല. കാരണമില്ലാതെ യാത്രയും കൂട്ടം കൂടുതലും ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കുമെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച ഇ ടി.ടൈസൺ മാസ്റ്റർ എംഎൽഎ പറഞ്ഞു. മണ്ഡലത്തിന്റെ പല ഭാഗങ്ങളിൽ അനാവശ്യ സഞ്ചാരവും കൂട്ടം കൂടലും ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് പോലീസ് ഡിപ്പാർട്മെന്റും അറിയിച്ചു.
മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പ്രവാസികളെയും ഇതര സംസ്ഥാനത്ത് ജോലി ചെയ്യുന്നവരെയും സ്വീകരിക്കുവാനുള്ള ക്വാറന്റൈൻ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. സമൂഹ അടുക്കളകളിൽ നിന്ന് 712 പേർക്കാണ് ഇപ്പോൾ ഭക്ഷണം നൽകി വരുന്നത്. വരും ദിവസങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ജനകീയ ഹോട്ടലുകളാക്കി സമൂഹ അടുക്കളകളെ മാറ്റും. വിവിധ വകുപ്പുകളും വിവിധ സംഘടനകളും നൽകിയ സഹായങ്ങളെയും യോഗം വിലയിരുത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലി, വൈസ് പ്രസിഡന്റ് ലൈന അനിൽ, പഞ്ചായത്ത് പ്രസിഡന്റ്മാർ, ബി ഡി ഒ വിനീത സോമൻ, കൊടുങ്ങല്ലൂർ താലൂക്ക് സപ്ലൈ ഓഫീസർ ഐ വി സുധീർ കുമാർ, മതിലകം എസ് എച്ച് ഒ ഇ പ്രേമാനന്ദൻ, എക്സൈസ് സി ഐ സി ആർ പത്മകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Comments are closed.