നൂതന ചികിത്സാ സംവിധാനം ഒരു കുഞ്ഞു മാലാഖയ്ക്ക് കൂടി ജീവൻ നൽകി
നെമ്മാറ: നാളെയുടെ അനിശ്ചിതത്വത്തിലും ഭൂമിയിലെ ദൈവങ്ങളുടെ മാന്ത്രിക സ്പർശനത്തിലൂടെ ഒരു മാലാഖ കുഞ്ഞിന്റെ കൂടി ജീവൻ രക്ഷിച്ചെടുത്ത ചാരിതാർഥ്യത്തിലാണ് നെമ്മാറ അവൈറ്റിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. ഇന്നിന്റെ അതിജീവനത്തിന്റെ പൊരുതലുകൾക്കിടയിലും ഒരിക്കലും വറ്റാത്ത പ്രതീക്ഷയുടെ പ്രതീകവുമായിട്ടാണ് ഫെബ്രുവരി 28 ന് വെറും 890 ഗ്രാം ഭാരവുമായി ഏഴുമാസം പോലും തികയാത്ത ആ പിഞ്ചോമന ജനിച്ചത്.
മാസം തികയാതെ പിറന്ന് ആരോഗ്യത്തോടെ ജീവിക്കുന്ന ഒരുപാട് കുഞ്ഞുങ്ങളുണ്ട്. എന്നാൽ അത്തരമൊരു പ്രതീക്ഷ പോലും ഈ കുഞ്ഞിന്റെ കാര്യത്തിൽ ഡോക്ടർമാർക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. വെല്ലുവിളികളുടെ നീണ്ട നിരതന്നെയായിരുന്നു ഡോക്ടർമാരുടെ മുന്നിലുണ്ടായിരുന്നത്.
അമ്മക്ക് നിയന്ത്രണാതീതമായി രക്തസമ്മർദ്ദം കൂടി അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായതായിരുന്നു ആദ്യത്തെ വെല്ലുവിളി.
“അമ്മയെ രക്ഷിക്കുക എന്ന ഒറ്റ വഴിയാണ് ഞങ്ങളുടെ മുന്നിലുണ്ടായിരുന്നത്. ഉയർന്ന രക്തസമ്മർദ്ദം മൂലം അമ്മയ്ക്ക് എപ്പോൾ വേണമെങ്കിലും അപസ്മാരമുണ്ടായി കാര്യങ്ങൾ അപകടാവസ്ഥയിലെത്താം. അതുകൊണ്ടുതന്നെ കുഞ്ഞിനെ ഉടൻ പുറത്തെടുക്കണം. അങ്ങിനെയാണ് അടിയന്തിര ശസ്ത്രക്രിയ നടത്തേണ്ടി വന്നത്” ഗൈനക്കോളജിസ്റ്റ് ഡോക്ടർ മിനി ജോസഫ് പറഞ്ഞു.
എന്നാൽ കുഞ്ഞിന്റെ കാര്യത്തിൽ ഒരു ഉറപ്പും പറയാൻ സാധിക്കുമായിരുന്നില്ല. അമ്മയെ രക്ഷിക്കുക എന്നതാണ് പ്രാഥമിക ധർമ്മം. കുഞ്ഞിന് ഒരു കിലോ പോലും ഭാരമുണ്ടായിരുന്നില്ല. വെറും 890 ഗ്രാമായിരുന്നു തൂക്കം. ഒരു കൈവെള്ളയിൽ ഒതുങ്ങുമായിരുന്നു ആ പിഞ്ചോമന. കരച്ചിലിന് പകരം ഒരു മൂളൽ മാത്രം. തനിയെ ശ്വാസമെടുക്കുവാൻ കുഞ്ഞിന് സാധിക്കുന്നില്ല. പീഡിയാട്രീഷ്യൻ & നിയോനേറ്റോളജിസ്റ് ഡോക്ടർ സൗമ്യ സരിന്റെ നേതൃത്വത്തിലുള്ള നിയോനേറ്റൽ ടീം ഉടൻതന്നെ പ്രവർത്തന സജ്ജമായി. കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാൻ ഏതറ്റം വരെയും പോകുക എന്നത് മാത്രമായിരുന്നു ആ സംഘത്തിന്റെ പിന്നീടുള്ള ദൗത്യം.
ഉടൻതന്നെ അവളെ ശ്വസനസഹായത്തിനായി മെഷീനിലേക്കു മാറ്റി. ആദ്യം സിപാപ് മെഷീനിലും പിന്നീട് ഹൈ ഫ്ലോ നാസൽ കാനുല എന്ന മെഷീനിലുമായിരുന്നു കുഞ്ഞിനെ പരിചരിച്ചത്. വൈകല്യങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് കുഞ്ഞു ജനിച്ചതെങ്കിലും അവയവങ്ങൾക്കൊന്നും പൂർണ്ണ വളർച്ചയെത്തിയിട്ടില്ല. മൂപ്പെത്താത്ത കുട്ടികളിൽ എല്ലാ അവയവങ്ങളും ഇങ്ങനെയായിരിക്കും. പ്രധാനമായും കുഞ്ഞിന്റെ
ശ്വാസകോശം ഒട്ടും തന്നെ വികസിച്ചിരുന്നില്ല. അതുകൊണ്ട് ആദ്യം തന്നെ ശ്വാസകോശം വികസിപ്പിക്കുന്നതിനുള്ള സർഫക്റ്റന്റ് മരുന്ന് സിപാപ്, ഹൈ ഫ്ലോ നാസൽ കാനുല എന്നീ മെഷീനുകളുടെ സഹായത്തോടെ ശ്വാസനാളത്തിലേക്ക് ട്യൂബ് ഇറക്കി നേരിട്ട് നൽകി.
ശ്വസനത്തിന്റെ ബുദ്ധിമുട്ടുകൾ പതുക്കെ കുറച്ച് ജീവൻ ആദ്യം പിടിച്ചു നിർത്തി.
ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ കുഞ്ഞിന് മുലപ്പാൽ കൊടുക്കാൻ സാധിക്കില്ല എന്നതായിരുന്നു അടുത്ത വിഷമഘട്ടം. അതുകൊണ്ട് ഒരമ്മയിൽ നിന്ന് കിട്ടേണ്ട എല്ലാ പോഷണങ്ങളും കൃത്രിമമായി പൊക്കിൾ കൊടി വഴി നൽകണം. അതിനായി, കുഞ്ഞിന്റെ പോക്കിൾക്കൊടിയിലൂടെ ട്യൂബ് ഇറക്കി ഈ പോഷകങ്ങളെല്ലാം കൃത്രിമമായി നൽകിത്തുടങ്ങി. മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങൾക്ക് അണുബാധ ഉണ്ടാകുവാനുള്ള സാധ്യതകളും കൂടുതലാണ്. ചെറിയൊരു അണുബാധപോലും മാസം തികയാതെ പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന് പോലും ഭീഷണിയാകും. അതുകൊണ്ടുതന്നെ അതീവ സൂക്ഷ്മതയിൽത്തന്നെയായിരുന്നു ഓരോ പരിചരണവും.
അങ്ങിനെ പതിയെ ആ കുഞ്ഞു ജീവൻ പ്രതീക്ഷയുടെ വെള്ളിവെളിച്ചത്തിലേയ്ക്കു പിച്ചവച്ചു തുടങ്ങി. എന്നാൽ ഏതു നിമിഷവും കാര്യങ്ങൾ വഷളാകാനുള്ള സാധ്യതയാണ് നിലനിന്നിരുന്നത്. അതുകൊണ്ടുതന്നെ ഡോക്ടർമാർക്ക് അപ്പോഴും ആശ്വസിക്കാനുള്ള വക എത്തിയിരുന്നില്ല. അടുത്ത കടമ്പ മുലപ്പാൽ
കൊടുത്തു തുടങ്ങുക എന്നതായിരുന്നു. അന്നനാളത്തിലൂടെ ട്യൂബ് ഇറക്കി വേണം കൊടുക്കാൻ. അര മില്ലി പാലാണ് ആദ്യം കൊടുത്തു തുടങ്ങിയത്. പതിയെ മാത്രമേ അളവ് കൂട്ടാൻ സാധിക്കൂ. കാരണം കൂടുതൽ അളവിൽ അകത്തു പോയാൽ പാൽ ദഹിക്കാതെ വയർ വീർത്തു കുടൽ പഴുക്കും. വളരെ അപകടകരമായ അവസ്ഥയാണ് അത്. അതുകൊണ്ടു തന്നെ അതീവ ശ്രദ്ധയോടെ ആയിരുന്നു ഓരോ നിമിഷവും കാര്യങ്ങൾ ചെയ്തത്. എന്നിട്ടും ഇടക്ക് കാര്യങ്ങൾ വഷളായി. കുഞ്ഞിന്റെ വയർ വീർക്കാൻ തുടങ്ങി. പാൽകൊടുക്കൽ നിർത്തേണ്ടി വന്നു. എങ്കിലും അപകടനിലയിലേക്കു എത്തിക്കാതെ എല്ലാം കൈപ്പിടിയിലൊതുക്കാൻ ടീമിനായി.
ആ സമയത്തതായിരുന്നു അവർക്ക് അടുത്ത വെല്ലുവിളി നേരിടേണ്ടി വന്നത്. ശ്വസനസഹായം ഇല്ലാതെ കുഞ്ഞിന് ശ്വാസം എടുക്കാൻ സാധിക്കുന്നില്ല. മാസം തികയാതെ പിറക്കുന്ന കുട്ടികളിൽ അവയവങ്ങളുടെ തകരാറുകൾ സാധാരണമാണ്. അതുകൊണ്ടുതന്നെ ഹൃദയ തകരാറുകളാണ് ആദ്യം അറിയേണ്ടിയിരുന്നത്. എക്കോ സ്കാനിലൂടെ പേറ്റന്റ് ഡക്ട്‌സ് ആർറ്റീരിയോസിസ് (PDA) എന്ന ഹൃദയവൈകല്യം കണ്ടെത്തി. ചില വൈകല്യങ്ങൾ മരുന്നുകൾ കൊണ്ട് സുഖപ്പെടാറുണ്ട്. എങ്കിലും കുഞ്ഞു മരുന്നുകളോട് പ്രതികരിക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നു. എന്നാൽ മരുന്നുകളോട് കുഞ്ഞു പ്രതികരിച്ചു തുടങ്ങിയത് വീണ്ടും പ്രതീക്ഷ നൽകി. അങ്ങിനെ ആശങ്കകൾക്കൊടുവിൽ പതുക്കെ പതുക്കെ ഓക്സിജൻ കുറക്കാനും പിന്നീട് നിർത്താനും ഡോക്ടർമാർക്ക് സാധിച്ചു. അങ്ങിനെ രണ്ടാഴ്ചത്തെ ശ്രമങ്ങൾക്കൊടുവിൽ അവൾ പാൽ വായിലൂടെ കൊടുത്താൽ കുടിച്ചു തുടങ്ങി. ഓക്സിജൻ ഇല്ലാതെ ശ്വസിച്ചും തുടങ്ങി. കൗൺസിലിങ്ങിലൂടെ അമ്മയെയും കുടുംബത്തെയും തയ്യാറാക്കിയതിനു ശേഷം പതുക്കെ കുഞ്ഞിനെ അമ്മയുടെ അടുത്തേയ്ക്ക് മാറ്റി. അമ്മ കൊടുക്കുന്ന പാൽ നന്നായി കുടിക്കാനും ശാന്തമായി ഉറങ്ങാനും തുടങ്ങി. അങ്ങിനെ ഏകദേശം ഒന്നൊര മാസത്തെ പരിചരണങ്ങൾക്കൊടുവിൽ അവൾ 890 ഗ്രാമിൽ നിന്ന് 1.5 കിലോയോളം ഭാരം വച്ചു.
“ഹൃദയത്തിന് പുറമെ തലയുടെ സ്കാനിങ്ങിളിൽ ആയിരുന്നു അടുത്ത ആശങ്കകൾ നിലനിന്നിരുന്നത്. തലച്ചോറിനും കണ്ണിനും തകരാറുകൾ ഉണ്ടാകുമോ എന്ന ഭയം ഉണ്ടായിരുന്നു. എന്നാൽ വിശദമായ പരിശോധനകൾക്കൊടുവിൽ മറ്റ് അവയവങ്ങൾക്കൊന്നും കുഴപ്പമില്ലെന്ന് കണ്ടെത്തിയത് ഞങ്ങൾക്ക് വലിയ ആശ്വാസം നൽകി”. കൺസൾട്ടന്റ്റ് പീഡിയാട്രീഷ്യൻ & നിയോനേറ്റോളജിസ്റ് ഡോക്ടർ സൗമ്യ സരിൻ കൂട്ടിച്ചേർത്തു.
28 ആഴ്ചകൾക്ക് ശേഷമുള്ള തൂക്കകുറവുള്ള നവജാതശിശുക്കളെ പരിചരിക്കാൻ സുസജ്ജമായ ലോകോത്തര നിലവാരത്തിലുള്ള ചികിത്സ സംവിധാനങ്ങൾക്കൊപ്പം മികച്ച ഒരു നിയോനേറ്റൽ ടീമിന്റെ കഠിന പരിശ്രമത്തിന്റെ കൂടി ഫലമാണെന്ന് അവൈറ്റിസ് സിഇഒ വിനീഷ് കുമാർ അറിയിച്ചു.
Comments are closed.