1470-490

ഡ്രോൺ ഉപയോഗിച്ച് മീനും ബിസ്കറ്റും വാങ്ങാമോ…..

പരിധിക്കപ്പുറം പറന്ന് ലോക്ക് ഡൗൺ ഡ്രോണുകൾ

അമീൻ കൈനിക്കര

തിരുന്നാവായ: ഡ്രോൺ ക്യാമറകൾ കയ്യിലുള്ളവർ നന്നായി വിലസിയ കാലമാണ് ഈ ലോക്ക് ഡൗൺ കാലം. നിയമലംഘനം നടത്തി വീടിന് പുറത്ത് കറങ്ങുന്ന വിരുതൻമാരെ തേടിപ്പറക്കുന്ന യന്ത്രക്യാമറകൾ പോലീസിന് വലിയ സഹായകരമായിരുന്നു. ഇതിനിടയിൽ അനധികൃത മദ്യ വിൽപ്പനകളും മറ്റും പിടികൂടാനും ഈ ആകാശക്യാമറകൾ പോലീസിന് വഴിയൊരുക്കി.
എന്നാൽ ഡ്രോൺ കൈവശമുള്ള ചിലർ ഇതുപയോഗിച്ച് ലോക്ക് ഡൗൺ പരീക്ഷണങ്ങൾക്ക് മുതിർന്നതാണ് ഇപ്പോൾ വിനയായത്. ഡ്രോൺ ക്യാമറ വിട്ട് കടയിൽ നിന്ന് സാധനങ്ങളും മാർക്കറ്റിൽ നിന്നും മീനും വരെ വാങ്ങി ആ വീഡിയോ യൂടൂബിൽ പങ്ക് വെച്ചതോടെ വിഷയം ഗൗരവമായി. വീഡിയോ കണ്ട് അനുകരിക്കുന്നവർ കൂടി വരുമോ എന്ന ആശങ്കയിൽ ഇത് സംബന്ധിച്ച് നിയമപരമായി ഡ്രോൺ കൈകാര്യം ചെയ്യുന്നവർ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്.
ഡ്രോണുകൾ പറത്താൻ നിലവിൽ അനുമതി ആവശ്യമാണ്. അനുമതി കിട്ടിയാൽ പോലും ക്യാമറക്ക് പുറമേ മറ്റൊരു വസ്തു ഇതിൽ വഹിക്കാൻ പാടില്ലെന്നതാണ് ചട്ടം.
ഇത്തരം കാര്യങ്ങൾക്ക് ലൈസൻസ് നൽകുന്ന ഡി ജി സി എ അഥവാ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ ആണ് ഡ്രോണുകൾ രജിസ്റ്റർ ചെയ്യേണ്ടത്. കഴിഞ്ഞ ജനുവരിയോടെ ഇതിൻറെ അവധി കഴിഞ്ഞതിനാൽ പലരും രജിസ്റ്റർ ചെയ്തിട്ടില്ല.

2018 ഡിസംബർ മുതലാണ് ഡ്രോണുകൾക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയത്. 250 ഗ്രാം ഭാരമുള്ള നാനോ ഡ്രോണുകൾ മുതൽ 150 കിലോ ഗ്രാം വരുന്ന ഹെവി ഡ്രോണുകൾ വരെ ഭാരമനുസരിച്ച് 5 വിഭാഗങ്ങളിലായി തിരിച്ചാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. 250 ഗ്രാം വരെ ഭാരമുള്ള നാനോ ഡ്രോണുകൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ലെങ്കിലും 50 അടിക്കു മുകളിൽ പറക്കാൻ പാടില്ല. സുരക്ഷാ വിഭാഗങ്ങൾ ഉപയോഗിക്കുന്ന ഡ്രോണുകൾക്ക് അനുമതി ആവശ്യമില്ല.

നാനോ ഡ്രോണുകൾക്ക് മുകളിലുള്ള എല്ലാ കുഞ്ഞൻ വിമാനങ്ങൾക്കും വ്യോമയാന ഡയറക്ടറേറ്റ് (DGCA) നൽകുന്ന പെർമിറ്റും (അൺമാന്ഡ് എയർക്രാഫ്റ്റ് ഓപ്പറേറ്റർ പെർമിറ്റ് -UAOP ) വ്യക്തിഗത തിരിച്ചറിയൽ നമ്പരും (UIN) കരസ്ഥമാക്കണം. അനുമതിയുണ്ടെങ്കിലും 400 അടി ഉയരത്തിൽ മാത്രമേ ഇവ പറത്താൻ പാടുള്ളൂ.

പാർലമെന്റ്, രാഷ്ട്രപതിഭവൻ, വിമാനത്താവളപരിസരം, സേനാകേന്ദ്രങ്ങൾ, സംസ്ഥാന സെക്രട്ടറിയേറ്റ്, മറ്റു സുരക്ഷാ സ്ഥാപനങ്ങൾ രാജ്യാന്തരഅതിർത്തിയുടെ 50 കിലോമീറ്റർ പരിധിയിലും കടലിൽ തീരത്തു നിന്ന് 500 മീറ്ററിനപ്പുറവും ഡ്രോണുകൾ പറത്താൻ പാടില്ല.

അതേസമയം വിവാഹം പോലുള്ള മറ്റ് ആവശ്യങ്ങൾക്ക് നിലവിൽ നിയന്ത്രണവിധേയമായി ഡ്രോൺ ഉപയോഗിച്ച് വരുന്നുണ്ട്. എന്നാൽ ഡ്രോൺ കൈവശമുള്ള ചിലർ ഇതുപയോഗിച്ച് നിയമവിരുദ്ധമായ പരീക്ഷണങ്ങൾക്ക് മുതിർന്നാൽ ആർക്കും ഡ്രോൺ ഉപയോഗിക്കാൻ പാടില്ലെന്ന നിയമം വരുമോ എന്ന ആധിയിലാണ് ഡ്രോൺ ഉടമകൾ. നേരത്തെ ഗുജറാത്തിൽ ഡ്രോണുകൾഉപയോഗിച്ച് മയക്കുമരുന്ന് വിപണനം നടത്തുന്നതായി വാർത്ത വന്നപ്പോഴാണ് അധികൃതർ രജിസ്ട്രേഷൻ നിർബന്ധമാക്കിയത്. നിരവധി നിയമപ്രശ്നങ്ങൾക്ക് സാധ്യതയുള്ള മേഖലയായതിനാൽ ഡ്രോൺ കൈവശമുള്ളവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഉദ്യോഗസ്ഥരും മുന്നറിയിപ്പ് നൽകുന്നുണ്ട്.

Comments are closed.