രുചി കൂട്ടിൽ സ്വപ്നങ്ങൾ തീർത്ത് ദീജ.

ടി.കെ. വിനിഷ
പ്രതിസന്ധി ഘട്ടങ്ങളെയെല്ലാം തൻ്റെ വീൽ ചെയറിലിരുന്നും ചവിട്ടുപടിയാക്കി മാറ്റുകയാണ് ദീജ. അതിജീവനത്തിന് കലർപ്പില്ലാത്ത നൈമിത്ര അച്ചാറുണ്ടാക്കി വിപണിയിലെത്തിക്കുകയാണ് ഈ യുവതി. ഫെയ്സ് ബുക്കിലൂടെ തൻ്റെ അച്ചാറിന് വിപണികണ്ടെത്തിയ ദീ ജയ്ക്ക് ഇന്ന് തിരുവനന്തപുരത്തും, കൊല്ലത്തുമായി രണ്ടു കടകളുണ്ട്.
മൂന്നാം വയസ്സിൽ കാലിടറി വീഴുന്നതിന് മുൻപേ ചേച്ചിയുടെ കൂടെ ഓടി നടന്നതും, കളിച്ചതും മായാതെ കിടക്കുന്നുണ്ട് ദീജയുടെ ഓർമ്മകളിൽ. കാലടറി വീണ ദീ ജയ്ക്ക് പാചക തൊഴിലാളിയായ അച്ഛൻ സതീനും , കശുവണ്ടി ഫാക്ടറി തൊഴിലാളിയായ അമ്മ രുഗ്മിണിയും സാധ്യമാക്കാവുന്ന ചികിത്സകളെല്ലാം നൽകി.എന്നാൽ പിന്നീട് അങ്ങോട്ട് ദീജയുടെ ജീവിതം വീൽ ചെയറിലേക്ക് മാറി. വീട്ടിലെ ഒറ്റമുറിക്കുള്ളിൽ വീൽ ചെയറിൽ ഒതുങ്ങാൻ ദീജ തയ്യാറായില്ല. ചേച്ചിയുടെ വായന കേട്ടു പഠിച്ച ദീജ പതിയെ പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. അക്ഷരങ്ങൾ കൂട്ടി വായിച്ചും, എഴുതിയും അക്ഷരങ്ങളുടെ ലോകത്തിലേക്ക് ദീജയെത്തി.പിന്നീട്, കുട്ടികൾക്ക് റ്റ്യൂഷനെടുത്തും , ആഭരണ നിർമ്മാണം നടത്തിയും ദീജ തൻ്റെതായ ഇടം കണ്ടെത്തി.അതിനിടയിൽ ഫെയ്സ് ബുക്കും നല്ല സുഹൃത്തുക്കളും ദീജയെ തേടീ യെത്തി.അങ്ങനെ സുഹൃത്തായ നൗഷാദ് നൽകിയ 5000 രൂപയിൽ നൈമിത്ര അച്ചാറിന് ജീവൻ വച്ചു.
2018 ജനുവരി 15ന് ഫെയ്സ് ബുക്കിലൂടെ തന്നെ ആദ്യ വിപണി കണ്ടെത്തി.തുടർന്ന് 2018ൽ നവംബർ 17ന് നൈമിത്രയെന്ന സ്ഥാപനത്തിന് തുടക്കമായി.
നാരങ്ങയും, മാങ്ങയും ,ബീട്ടുറുട്ടും, നെല്ലിക്കയും പഴങ്ങളും തുടങ്ങി മീനച്ചാറും, ബീഫും നൈമിത്രയിൽ കലർപ്പിലാതെ അച്ചാറുകളായി ഒരുങ്ങി. പതിയെ പത്തിരിപ്പൊടിയും, അരി പൊടിയും നൈമിത്രയുടെ തനിമയിൽ ഉപഭോക്താക്കളിലേക്ക് എത്തി.ദീജയ്ക്ക് കൂട്ടായി അമ്മയും, അച്ഛനും, ചേച്ചിയും ,കുഞ്ഞമ്മയും എല്ലാവരും ചേർന്നു.
നൈമിത്ര എന്ന പേരിന് പിന്നിലുമുണ്ട് ദീജയ്ക്കൊരു കഥ. ഒരു മാസത്തോളം ആലോചിച്ച് കണ്ടെത്തിയ പേരാണ് നൈമിത്ര. പുതിയ സുഹൃത്ത് എന്ന അർത്ഥം വരുന്ന വാക്ക്.ദീജയ്ക്ക് പുതിയൊരു സുഹൃത്ത് കൂടിയായിരുന്നു നൈമിത്ര.
പിന്നീട് കൊല്ലം കൊട്ടരക്കരയിലും നൈമിത്രയുടെ പുതിയ കട ദീജ തുടങ്ങി.
പ്രതിസന്ധികളിൽ മനസ്സ് തളർന്നിട്ടില്ലെയെന്ന് ദീജയോ ചോദിച്ചാൽ ഇങ്ങനെ പറയും.
ഇതുവരെ മനസ്സ് തളർന്നിട്ടില്ല. വിഷമം വന്നിട്ടുണ്ട്, ഇപ്പോഴും ഒരു പാട് കടങ്ങളൊക്കെയുണ്ട് എന്നാലും പ്രതീക്ഷയുണ്ട്. നൈമിത്രയുടെ വളർച്ചയിലാണ് പ്രതീക്ഷ.
ഇനിയെന്താണ് പുതിയ സ്വപ്നങ്ങൾ
പുതിയൊരു വീട് വയ്ക്കണം.ഭിന്ന ശേഷിക്കാരായ 10 ഓളം പേർക്ക് നൈമിത്രയിൽ ജോലി നൽകണം. ലോകത്തെ എല്ലാ മലയാളികളുടെയും അടുക്കളിൽ നൈമിത്രയെത്തണം.
ലോക്ക് ഡൗണിൽ കച്ചവടം മുടങ്ങിയതിൽ ആശങ്കയുണ്ട്. എന്നാൽ സുരക്ഷിതരായി ഇരുന്ന് തിരിച്ചു വരാം എന്നാണ് ദീജ പറയുന്നത്.
Comments are closed.