1470-490

കോവിഡ് ഭേദമായ മലപ്പുറം സ്വദേശി അബ്ദുള്‍ ഫുക്കാര്‍ പുതുജീവിതത്തിലേക്ക്….


സര്‍ക്കാറിന്റെ കരുതലിന് നന്ദി പറഞ്ഞ് ഫുക്കാര്‍
കൂട്ടായ പ്രതിരോധത്തിന്റെ വിജയം: ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്

ഒരുമാസം നീണ്ട വിദഗ്ധ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം കോവിഡ് 19 രോഗം ഭേദമായി മലപ്പുറം ജില്ലയിലെ കല്‍പകഞ്ചേരി കന്മനം സ്വദേശി പാറയില്‍ അബ്ദുള്‍ ഫുക്കാര്‍ (42) പുതു ജീവിതത്തിലേക്ക്. കോവിഡ് വൈറസിനു മുന്നില്‍ ലോകമാകെ പകച്ചു നില്‍ക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ തീര്‍ത്ത പ്രതിരോധത്തില്‍ ജീവിതം തിരിച്ചു പിടിച്ച് അദ്ദേഹം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്കു മടങ്ങി. രോഗവിമുക്തനായി ആശുപത്രി വിട്ട ഫുക്കാറിനെ യാത്രയാക്കാന്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീനയുമടക്കമുള്ളവര്‍ എത്തിയിരുന്നു.
മാര്‍ച്ച് 22 ന് ദുബായില്‍ നിന്ന് നാട്ടിലെത്തിയതുമുതല്‍ കോവിഡിനെ മറികടക്കാനാവുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നെന്ന് അബ്ദുള്‍ ഫുക്കാര്‍ പറഞ്ഞു. വീട്ടിലെത്തി പൊതു സമ്പര്‍ക്കമില്ലാതെ സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞപ്പോഴും 25ന് രോഗ ലക്ഷണങ്ങളോടെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ച ശേഷവും ആരോഗ്യ വകുപ്പും ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും തനിക്കു നല്‍കിയ കരുതലിനും മികച്ച ചികിത്സക്കും അദ്ദേഹം നന്ദി പറഞ്ഞു.
ആശുപത്രിയില്‍ ലഭിച്ച ചികിത്സ, മറ്റ് സേവനങ്ങള്‍ തുടങ്ങിയ കാര്യങ്ങള്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അബ്ദുള്‍ ഫുക്കാറിനോട് ചോദിച്ചറിഞ്ഞു. ചികിത്സയിലുള്ള ഓരോ രോഗികളും അസുഖം ഭേദമായി വീടുകളിലേക്ക് മടങ്ങുന്നത് ആശ്വാസകരമാണെന്നും സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ഒറ്റക്കെട്ടായി നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ആരോഗ്യ വകുപ്പ് ഒരുക്കിയ 108 ആംബുലന്‍സിലാണ് അബ്ദുള്‍ ഫുക്കാര്‍ കന്മനത്തെ വീട്ടിലേയ്ക്കു മടങ്ങിയത്. വീട്ടില്‍ ഇനിയും ആരോഗ്യ വകുപ്പിന്റെ നിര്‍ദേശപ്രകാരമുള്ള പ്രത്യേക നിരീക്ഷണത്തില്‍ തുടരണം.
മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ്ബാബു, ലെയ്‌സണ്‍ ഓഫീസര്‍ ഡോ. എം.പി. ഷാഹുല്‍ ഹമീദ് നഴ്‌സുമാര്‍, ആശുപത്രി ജീവനക്കാര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Comments are closed.