1470-490

സാമൂഹ്യ വിരുദ്ധർ പുഴയിൽ മാലിന്യം തളളി.

ബാർബർ ഷോപ്പിലെ മാലിന്യങ്ങളും, കോഴിമാംസത്തിന്റെ അവശിഷ്ടങ്ങളും സാമൂഹ്യ വിരുദ്ധർ പുഴയിൽ തളളി. കേച്ചേരി -മറ്റം റോഡിൽ ആളൂർ പുഴയിലാണ് വ്യാപകമായി കോഴി മാംസ അവശിഷ്ടങ്ങളും, ബാർബർ ഷോപ്പിലെ മാലിന്യങ്ങളും തള്ളിയിട്ടുള്ളത്. മേഖലയിലുള്ളവർ കുളിക്കുന്നതിനായി ഉപയോഗിക്കുന്ന കടവിലാണ് കോഴി മാലിന്യം ചാക്കിൽ കൊണ്ടു വന്ന് നിക്ഷേപിച്ചിട്ടുള്ളത്. മാസങ്ങൾക്ക് മുൻപും ഇത്തരത്തിൽ മാലിന്യം പുഴയിൽ തള്ളുന്നത് പതിവായിരുന്നു. എന്നാൽ കണ്ടാണശ്ശേരി ഗ്രാമ പഞ്ചായത്ത് അധികൃതർ ഇടപെട്ട് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, യുവജന സംഘടന പ്രവർത്തകർ രാത്രികാലങ്ങളിൽ കാവലിരിക്കുകയും ചെയ്തതോടെ മാലിന്യ നിക്ഷേപം നിലച്ചതായിരുന്നു. ഒരിടവേളയ്ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം വീണ്ടും മാലിന്യം നിക്ഷേപിച്ചിരിക്കുന്നത്. മേഖലയിൽ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിൽ വാഴാനി ഡാമിൽ നിന്നും തുറന്ന് വിട്ട വെള്ളം പുഴയിലെത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് സാമൂഹ്യ വിരുദ്ധരുടെ ക്രൂര വിനോദം അരങ്ങേറിയിരിക്കുന്നത്. സമീപത്തെ വർക്ക് ഷോപ്പ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള ജീവനക്കാർ ജോലി കഴിഞ്ഞാൽ ഈ പുഴയിൽ ദേഹശുദ്ധി വരുത്തിയാണ് വീടുകളിലേക്ക് പോയിരുന്നത്. എന്നാൽ കോഴി മാലിന്യം തള്ളുന്നത് പതിവായതിനാൽ ദേഹശുദ്ധി വരുത്തുന്ന പതിവ് ഉപേക്ഷിച്ചിരിക്കുകയാണ്. മേഖലയിലെ ജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന നിലയിൽ കോഴി അവശിഷ്ടങ്ങളും, ബാർബർ ഷോപ്പിലെ മാലിന്യങ്ങളും നിക്ഷേപിക്കുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്താൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് പാടശേഖര സമിതി ഭാരവാഹി പി.കെ. പ്രമോദ് ആവശ്യപ്പെട്ടു. കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന ജലാശയത്തിലാണ് അവശിഷ്ടങ്ങൾ തള്ളിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടാണശ്ശേരി പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ മനോജ് ചന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഫാറൂഖ് എന്നിവർ സ്ഥലത്ത് എത്തി. മേഖലയിലെ കോഴി ഇറച്ചി വ്യാപാര സ്ഥാനങ്ങളിലും, ബാർബർ ഷോപ്പുകളിലും പരിശോധനകൾ നടത്തുകയും മാലിന്യം തള്ളുന്നതിനെതിരെ ബോധവത്കരണം നടത്തുകയും ചെയ്യുമെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.

Comments are closed.