1470-490

രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം: ഡിഎംഒ

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഡോ. കെ. സക്കീന. ലോക് ഡൗണ്‍ കാലാവധിക്കു ശേഷവും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കരുത്. കോവിഡ് 19 നിയന്ത്രണ വിധേയമാണെങ്കിലും വൈറസ് വ്യാപനത്തിനുള്ള സാഹചര്യം നിലനില്‍ക്കുകയാണ്. അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. സാമൂഹിക അകലം പാലിക്കുകയും സോപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും ചെയ്യുന്നത് ശീലമാക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ജലദോഷം പോലുള്ള അസുഖങ്ങളുള്ളവര്‍ പൊതു സമ്പര്‍ക്കമുണ്ടാകാതെ ശ്രദ്ധിക്കണം. മറ്റിടങ്ങളില്‍ നിന്നെത്തിയവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. ലോക് ഡൗണ്‍ സമയത്തും അതിനു ശേഷവും ഇതര സംസ്ഥാനങ്ങള്‍, കോവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ നിര്‍ബന്ധമായും ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണം. രോഗ വ്യാപനത്തിനുള്ള സാധ്യത ഇല്ലാതാക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം. മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, കിടപ്പിലായവര്‍, അര്‍ബുദം, വൃക്ക രോഗം തുടങ്ങിയവ ബാധിച്ചവര്‍ തുടങ്ങിയവര്‍ക്ക് വൈറസ്ബാധയേറ്റാല്‍ ആരോഗ്യാവസ്ഥ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. ഇവരെ രോഗ പകര്‍ച്ചാ സാധ്യതയുള്ളവരില്‍ നിന്ന് സംരക്ഷിക്കേണ്ടത് നമ്മുടെ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഇതിന് പൊതുജന പിന്തുണയും സഹകരണവും അത്യാവശ്യമാണ്. ഇത്തരക്കാരുമായുള്ള പൊതു സമ്പര്‍ക്കം പരമാവധി ഇല്ലാതാക്കണം.

ജീവിത ശൈലി രോഗങ്ങളുള്ളവരും നിത്യ രോഗികളും മരുന്ന് മുടക്കരുത്. ആരോഗ്യ സംരക്ഷണത്തിന് എല്ലാവരും സ്വയം ജാഗ്രത പുലര്‍ത്തണം. നിലവിലെ സാഹചര്യത്തില്‍ മാനസിക സമ്മര്‍ദ്ദമേറുന്നവര്‍ ആരോഗ്യ വകുപ്പിന്റെ സേവനം തേടണം. ഇതിന് ജില്ലാതല കണ്‍ട്രോള്‍ സെല്ലിലെ വിദഗ്ധ സംഘത്തിന്റെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. വിദഗ്ധ മാര്‍ഗ്ഗ നിര്‍ദേശങ്ങളും കൗണ്‍സലിംഗും ആവശ്യമുള്ളവര്‍ 7593 843 625, 7593 843 617 എന്നീ ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിക്കണം.

Comments are closed.