1470-490

മഞ്ചേരി മെഡിക്കൽ കോളേജിൽ കോവിഡ് ടെസ്റ്റ്

ഐസിഎംആർ അനുമതി ലഭിച്ചതോടെ മലപ്പുറം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 പരിശോധന ചൊവ്വാഴ്ച മുതല്‍ തുടങ്ങുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. രണ്ടാഴ്ച മുമ്പ് തന്നെ റിയല്‍ ടൈം പിസിആര്‍ മെഷീന്‍ ഇവിടെയെത്തിച്ചിരുന്നു. ലാബ് കിറ്റ്, ഡിഎന്‍എ എക്ട്രാക്റ്റ് കിറ്റ്, റീയേജന്റ് കിറ്റ് എന്നിവയെല്ലാം ലഭ്യമാക്കി കഴിഞ്ഞു. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് കോവിഡ് 19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനകള്‍ വേഗത്തിലാക്കാന്‍ 10 റിയല്‍ ടൈം പിസിആര്‍ മെഷീനുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ഇതിലാണ് മഞ്ചേരി മെഡിക്കല്‍ കോളേജിനേയും ഉള്‍പ്പെടുത്തിയിരുന്നത്. മൈക്രോ ബയോളജി വിഭാഗത്തിലെ ലാബിനോട് ചേര്‍ന്നാണ് കോവിഡ് ലാബും പ്രവര്‍ത്തിക്കുക. മഞ്ചേരി മെഡിക്കല്‍ കോളേജിലെ സാമ്പിളുകള്‍ കോവിഡ് പരിശോധനയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ലാബിലാണ് ഇതുവരെ അയച്ചിരുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ലാബില്‍ പരിശോധനകള്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ പരിശോധനകള്‍ വേഗത്തില്‍ നടത്താവുന്നതാണ്.

Comments are closed.