1470-490

മലപ്പുറത്ത് രോഗവിമുക്തനായ വ്യക്തി ഇന്ന് ആശുപത്രി വിടും


മലപ്പുറം ജില്ലയില്‍ കോവിഡ് 19 ബാധിച്ച് വിദഗ്ധ ചികിത്സക്ക് ശേഷം രോഗവിമുക്തനായ കല്‍പകഞ്ചേരി കന്മനം തൂവ്വക്കാട് സ്വദേശി ഇന്ന് (ഏപ്രില്‍ 21) ആശുപത്രി വിടും. പാറയില്‍ അബ്ദുള്‍ ഫുക്കാര്‍ (42) ആണ് വീട്ടിലേയ്ക്ക് മടങ്ങുക. രോഗം ഭേദമായി തുടര്‍ ചികിത്സയ്ക്കും നിരീക്ഷണങ്ങള്‍ക്കും ശേഷം ഇയാളുടെ ആരോഗ്യാവസ്ഥ തൃപ്തികരമായതിനാലാണ് ആശുപത്രിയില്‍ നിന്ന് വീട്ടിലേയ്ക്ക് മടക്കി അയക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു.
മാര്‍ച്ച് 22 ന് ദുബായില്‍ നിന്നെത്തിയതായിരുന്നു അബ്ദുള്‍ ഫുക്കാര്‍. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ആംബുലന്‍സില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി പരിശോധനക്കു വിധേയനായ ശേഷം വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മാര്‍ച്ച് 25ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്കു മാറ്റി. മാര്‍ച്ച് 26 നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 13 പേര്‍ക്കാണ് ഇതുവരെ ജില്ലയില്‍ കോവിഡ് രോഗം ഭേദമായത്. ആറുപേരാണ് നിലവില്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ രോഗബാധിതരായി ചികിത്സയില്‍ തുടരുന്നത്.

Comments are closed.