ദുരിതാശ്വാസ നിധിയിലേക്ക് ഭക്ഷണം വാങ്ങി സംഭാവന നൽകിയത് 2019 പേർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഭക്ഷണം വാങ്ങി സംഭാവന ചെയ്യുക എന്ന പുന്നയൂർക്കുളം പഞ്ചായത്തിന്റെ ആശയത്തോട് കൈകോർത്ത് നാട്ടുകാരും. മൂന്ന് പൊറോട്ടയും ബീഫ് റോസ്റ്റും അടങ്ങിയ ഒരു സെറ്റിന് 100 രൂപ വിലയിലാണ് പഞ്ചായത്ത് വിൽപ്പന നടത്തിയത്. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയ്ക്ക് വേണ്ടിയായതിനാൽ നാട്ടുകാരും സഹകരിച്ചു. 2019 പേരാണ് ഞായറാഴ്ച ഭക്ഷണം ബുക്ക് ചെയ്തത്. പഞ്ചായത്ത് നേരിട്ട് വീടുകളിലേക്ക് പൊതികൾ എത്തിച്ചു. അതത് പ്രദേശങ്ങളിലെ വാർഡ് മെമ്പർമാർ വഴിയാണ് ബുക്കിംഗ് എടുത്തിരുന്നത്. ശനിയാഴ്ച രാത്രി 10 മണി വരെയായിരുന്നു ബുക്കിംഗ് സൗകര്യം. ഞായറാഴ്ച വൈകീട്ട് ഏഴ് മണിക്കുള്ളിൽ ബുക്ക് ചെയ്ത എല്ലാരുടെയും വീട്ടിൽ ഭക്ഷണമെത്തിച്ചു. ദുരിതങ്ങളെ ഒറ്റക്കെട്ടായി നിന്ന് ദൂരീകരിക്കാൻ വേണ്ടിയാണ് ഈ ‘ഞായറാഴ്ച സ്‌പെഷ്യൽ’ പരിപാടിയെന്ന് പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ. ഡി ധനീപ് പറഞ്ഞു.
Comments are closed.