1470-490

മത്സ്യ, മാംസ, പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ സാമൂഹിക അകലം നിർബന്ധം

മലപ്പുറം ജില്ലയില്‍ മത്സ്യ, മാംസ, പച്ചക്കറി വില്‍പന കേന്ദ്രങ്ങളില്‍ സാമൂഹിക അകലം പാലിച്ചില്ലെങ്കില്‍ ഇനി നിയമ നടപടികള്‍ നേരിടേണ്ടിവരും. ഇത് പരിശോധിക്കാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വില്‍പന കേന്ദ്രങ്ങള്‍ക്കു മുന്നില്‍ സാമൂഹിക അകലം ഉറപ്പാക്കാന്‍ വ്യക്തമായ അടയാളങ്ങള്‍ രേഖപ്പെടുത്തണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പലയിടങ്ങളിലും ഇത് ലംഘിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.
സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, റവന്യൂ, പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരടങ്ങിയ സംഘം വ്യാപകമായി പരിശോധന നടത്തും. നിര്‍ദേശങ്ങള്‍ ലംഘിച്ച് ഇവിടങ്ങളില്‍ കൂട്ടം കൂടുകയോ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ പകര്‍ച്ചവ്യാധി നിയമപ്രകാരം വ്യാപാരികള്‍ക്കെതിരെ കേസെടുക്കും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവും.
ജില്ലയില്‍ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അതി തീവ്ര മേഖലയായി പ്രഖ്യാപിച്ച ജില്ലയില്‍ ഇത്തരം സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ പുതുതായി ഒരു സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനാനുമതിയില്ല. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

Comments are closed.