1470-490

ഇതര രോഗ ഭീതിയെ നിസാരമാക്കരുത്

കോവിഡ് 19 ന് പുറമെ മറ്റ് പകര്‍ച്ചവ്യാധികളും ജില്ലയില്‍ വെല്ലുവിളിയാവുന്നുണ്ട്. എലിപ്പനി, ഡങ്കിപ്പനി പോലുള്ള രോഗങ്ങള്‍ പടരാനുള്ള സാഹചര്യമാണ് നിലവിലുള്ളത്. മഞ്ഞപ്പിത്തവും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം രോഗങ്ങള്‍ പ്രതിരോധിക്കാന്‍ പൊതുജന പങ്കാളിത്തത്തോടെയുള്ള മുന്നൊരുക്കങ്ങള്‍ അത്യാവശ്യമാണ്. റംസാന്‍ മുന്നൊരുക്കങ്ങളിലും ആരോഗ്യ ജാഗ്രത പൂര്‍ണമായും പാലിക്കണം. സാംക്രമിക രോഗങ്ങളുള്ളവര്‍ ഉപയോഗിക്കുന്ന പാത്രങ്ങളും വസ്ത്രങ്ങളും വിശ്രമിക്കാനുപയോഗിക്കുന്ന മുറിയും മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കണം. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കുകയും വേണം.

രോഗങ്ങള്‍ പടരുന്നത് തടയാന്‍ ചുവടെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

• ലോക്ക് ഡൗണ്‍ കാലയളവില്‍ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണം.
• ലോക് ഡൗണിനു ശേഷവും വൈറസ് പടരാനുള്ള സാഹചര്യം മനസ്സിലാക്കി പരമാവധി പൊതു സമ്പര്‍ക്കം കുറയ്ക്കുകയും പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാഹചര്യങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയും വേണം.
• കോവിഡ് 19 ന്റെ ഭാഗമായി പ്രത്യേക നിരീക്ഷണത്തിലുള്ളവര്‍ക്കും രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കും ജലദോഷം, ചുമ, പനി, ശ്വാസ തടസ്സം തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ നേരിട്ട് ആരോഗ്യ കേന്ദ്രങ്ങളിലെത്താതെ ആരോഗ്യ വകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണം.
• ലോക് ഡൗണ്‍ സമയത്തും അതിനു ശേഷവും വ്യക്തിശുചിത്വം, കുടിവെള്ള ശുചിത്വം, ഭക്ഷണ ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണം.
• ആഴ്ചയിലൊരിക്കല്‍ ഡ്രൈഡേ ആചരണം നടത്തി കൊതുകിന്റെ ഉറവിടങ്ങള്‍ വീടിനകത്തും മേല്‍ക്കൂരയിലും പരിസരങ്ങളിലും ഇല്ലെന്ന് ഉറപ്പാക്കണം.
• വേനല്‍മഴ ഉണ്ടായ സ്ഥലങ്ങളിലുള്ളവര്‍ പരിസരവും മേല്‍ക്കൂരയും നിരീക്ഷിച്ച് വെള്ളം കെട്ടിനില്‍ക്കുന്നതായി കണ്ടെത്തിയാല്‍ അത് ഒഴുക്കികളയണം.
• ജലം സംഭരിച്ച് സൂക്ഷിച്ചിരിക്കുന്ന പാത്രങ്ങളും ടാങ്കുകളും കൊതുക് കടക്കാതെ ഭദ്രമായി അടച്ചു സൂക്ഷിക്കണം.
• തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.
• വീടും പരിസരവും ശുചിയാക്കി ഈച്ച, എലി, കൊതുക് തുടങ്ങിയവയുടെ ഉറവിടങ്ങള്‍ ഇല്ലാതാക്കുകയും പാഴ്ചെടികള്‍ നശിപ്പിക്കുകയും വേണം.
• കൊതുകുകടിയേല്‍ക്കാതിരിക്കാന്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണം.
• മാലിന്യങ്ങള്‍ തരംതിരിച്ച് സംസ്‌ക്കരിക്കുക. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ദ്രവിക്കാത്ത മാലിന്യങ്ങള്‍ മഴവെള്ളം വീഴാതെ ഒതുക്കി അടുക്കി വയ്ക്കുക. ദ്രവിക്കുന്ന മാലിന്യങ്ങള്‍ കമ്പോസ്റ്റായോ ബയോഗ്യാസ് പ്ലാന്റിലോ ഉപയോഗിക്കുക.
• പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക.
• ഓടകളിലെ തടസ്സം നീക്കി ജലം ഒഴുക്കി കളയുക.
• പനിയോ മറ്റ് രോഗലക്ഷണങ്ങളോ കാണുന്നെങ്കില്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടുക. ചികിത്സയോടൊപ്പം വിശ്രമവും അനിവാര്യമാണ്.
• ധാരാളം ശുദ്ധ ജലവും മറ്റ് ഗൃഹപാനീയങ്ങളും കുടിക്കുക. പോഷകാഹാരം കഴിക്കുക.
• മുട്ട, മാംസം, മത്സ്യം തുടങ്ങിയവ നന്നായി വേവിച്ച് മാത്രം ഉപയോഗിക്കുക. പഴകിയ ഭക്ഷണവും തുറന്നുവച്ചവയും കഴിക്കാതിരിക്കുക.
• കന്നുകാലികളുടെയും മറ്റ് വളര്‍ത്തുമൃഗങ്ങളുടെയും മലവും മൂത്രവും ശരിയായി സംസ്‌ക്കരിക്കുക. അതുമായി സമ്പര്‍ക്കം വരാതെ ശ്രദ്ധിക്കുക (പ്രത്യേകിച്ച് ശരീരത്തില്‍ മുറിവുള്ളപ്പോള്‍).
• സൂര്യതാപം ഏല്‍ക്കാതിരിക്കാന്‍ ജാഗ്രത പാലിക്കുക. ഉച്ചയ്ക്ക് 11.00 മണിമുതല്‍ വൈകീട്ട് 3.00 മണിവരെ വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.
• ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുക.
• കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ ദൂരീകരണത്തിനും ജില്ലാ തല കണ്‍ട്രോള്‍ സെല്ലില്‍ വിളിക്കുക.

Comments are closed.