1470-490

പ്രതിപക്ഷത്തിനെതിരെ ശാരദക്കുട്ടിയും

വളരെയധികം കഷ്ടപ്പെട്ട് ഒരു വീടിന്റെ പ്രശ്നങ്ങളെല്ലാം തീർക്കാൻ ഓടി നടക്കുന്ന ഒരു പെൺകുട്ടിയെയാണ് മഞ്ജു വാര്യർ ‘ഈ പുഴയും കടന്ന് ‘ എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. എങ്ങനെയെങ്കിലും അവൾ ആ വീടിനെ കരയ്ക്കടുപ്പിക്കുന്നു എന്ന് നമ്മളൊന്നാശ്വസിക്കുമ്പോഴാണ്, വെറുപ്പും അസൂയയും കൊണ്ട് തല വെടിച്ചു പൊട്ടിയിട്ടെന്ന പോലെ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കഥാപാത്രം തുള്ളി വിറച്ച് കയറി വരുന്നത്.

ആ വീട് നടുക്കടലിൽ താഴാൻ പോയാലും ചാരുകസേരയിലിരുന്ന് ആഹ്ളാദിക്കും അയാൾ. തമാശകൾ പറയും. പൊട്ടിച്ചിരിക്കും. രക്ഷപ്പെടുന്നുവെന്നു കണ്ടാൽ കുലുങ്ങിക്കുലുങ്ങിയൊരു വരവുണ്ട്. സ്നേഹമെന്ന ഭാവത്തിലാണ് വരവ്. ഔദാര്യമെന്ന മട്ടു കാണിക്കും. പക്ഷേ ഉള്ളിലുള്ള കുനുഷ്ടെല്ലാം മുഖത്തും ഭാഷയിലുമങ്ങനെ നുരഞ്ഞുപൊന്തും. ചെയ്യാവുന്ന ദ്രോഹമെല്ലാം ചെയ്യും. ഒടുങ്ങിയെന്നു ബോധ്യമായാൽ ഒരു വക്രച്ചിരിയോടെ നടന്നു പോകും. വീട് രക്ഷപ്പെടരുത്. അയാൾക്ക് അത്രേയുള്ളു.

ഇത്ര വെറുപ്പിക്കുന്ന ആ കഥാപാത്രത്തെ ഒടുവിൽ ഉണ്ണികൃഷ്ണനവതരിപ്പിച്ചത് മലയാളി മറക്കില്ല. ആ കഥാപാത്രത്തിന്റെ വികടത്തരവും കുശുമ്പും മുഖത്തും ചലനങ്ങളിലും ഭാഷയിലും പ്രകടമാണ്. ആ മികച്ച നടൻ തോൽവി സമ്മതിക്കും ഇന്ന് കേരളത്തെ ‘സ്നേഹിച്ചു’ കൊല്ലുന്ന പ്രതിപക്ഷത്തെ കാണുമ്പോൾ . ‘ഇത്രയും കാലം എവിടെയായിരുന്നു, ഇങ്ങോട്ടെങ്ങും കണ്ടില്ലല്ലോ ‘ എന്ന് കഥയിലെ പെൺകുട്ടികളുടെ മുത്തശ്ശി ചോദിക്കുന്നതു പോലെ കേരള ജനത ചോദിക്കുന്നുണ്ട്.

മഹാമാരി വിട്ടു പോയെന്നാശ്വസിക്കാറായില്ല. ഭയപ്പാടിലാണ് ജനങ്ങൾ. ജീവൻ ബാക്കിയുണ്ടെങ്കിൽ തക്കം നോക്കി, കരണത്തൊന്നു പൊട്ടിക്കും. കാത്തിരിക്കുകയാണ്. ബാലറ്റ് ബോക്സ് എന്തിനുള്ളതാണെന്ന് കേരള ജനതക്കറിയാം.

ശാരദക്കുട്ടി

Comments are closed.