1470-490

മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ കൂറ്റന്‍ ബോർഡ് പ്രത്യക്ഷപ്പെട്ടോ.???

മെല്‍ബണ്‍: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമർപ്പിച്ച് മെല്‍ബണ്‍ നഗരത്തില്‍ കൂറ്റന്‍ ബോർഡ് പ്രത്യക്ഷപ്പെട്ടോ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളില്‍ മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും സജീവ ചർച്ചയിലാണ്. എന്താണിതിലെ വസ്തുത.

വൈറലായിരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തുണ്ടാക്കിയതല്ല. എന്നാല്‍ മറ്റൊരു രഹസ്യമാണ് ഇതിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത്. മെല്‍ബണിലെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ ക്യാംപയിനാണ് #SayThanks. കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളില്‍ സജീവമായ ആളുകള്‍ക്ക് നന്ദി അറിയിക്കാനാണ് ഈ ക്യാംപയിനിലൂടെ പൊതുജനങ്ങള്‍ക്ക് കമ്പനി അവസരമൊരുക്കുന്നത്.

ആരുടെ പേരും തെളിയും, ചെയ്യേണ്ടത് ഇത്രമാത്രം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ക്ക് നന്ദിപറയേണ്ടയാളുടെ പേര് ടെല്‍സ്ട്രയുടെ 1484 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ ആ പേര് ടവറിലെ ഇലക്ട്രോണിക് ബോർഡില്‍ തെളിയുകയും അതിന്‍റെ ചിത്രം എംഎംഎസ് ആയി അയക്കുന്നയാള്‍ക്ക് ലഭിക്കുകയും ചെയ്യും. ആരുടെ പേര് വേണെങ്കിലും നമുക്ക് ഇങ്ങനെ അയക്കാം. ഇങ്ങനെ ഒരാള്‍ ആയച്ച മെസേജിന്‍റെ മറുപടി ചിത്രമാണ് മെല്‍ബണിലെ ടെല്‍സ്ട്ര ടവറില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്ള ആദരമെന്ന രീതിയില്‍ പ്രചരിക്കുന്നത്. #SayThanks ക്യാംപയിനിലൂടെ ഉദേശിക്കുന്നത് എന്ത്, എങ്ങനെയാണ് സന്ദേശമയക്കേണ്ടത് തുടങ്ങിയ കാര്യങ്ങള്‍ കമ്പനി അവരുടെ വെബ്സൈറ്റില്‍ വിശദമായി നല്‍കിയിട്ടുണ്ട്. ഇതിന്‍റെ മാതൃകകള്‍ ടെല്‍സ്ട്ര സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. മറുപടിയായി ലഭിക്കുന്ന ചിത്രം #SayThanks എന്ന ഹാഷ്‍ടാഗില്‍ നമുക്ക് ഷെയർ ചെയ്യുകയുമാകാം.

Comments are closed.