1470-490

ഒരു തുള്ളി തേനിൻ്റെ പിന്നിലെ ത്യാഗം

ഒന്നര ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാൽ ഭൂമിയെ മൂന്ന് തവണ വലം വെച്ച്‌ വരാം !!അത്രയും യാത്ര ചെയ്താണ് ഒരു തേനീച്ച അര മില്ലീലിറ്റർ തേൻ ഉത്പാദിപ്പിക്കുക
ഒരു ലിറ്റർ ഉത്പാദിപ്പിക്കാൻ 2000 തേനീച്ചകൾ അവരുടെ ജീവിതകാലം മുഴുവൻ പണിയെടുക്കണം. ആകെ സഞ്ചരിക്കുന്ന ദൂരം ഭൂമിക്ക്‌ ചുറ്റും 6000 തവണ വലം വെയ്ക്കുന്ന അത്രയും വരും !!!
ഇതാണ്‌ തേനിന്റെ കഥ. അല്ല, തേനീച്ചയുടെ കഥ
ഓരോ തുള്ളി തേനും മധുരത്തോടെ നുണഞ്ഞിറക്കുമ്പോൾ അതിനു പിന്നിൽ എത്ര തേനീച്ചകളുടെ പ്രയത്നം ഉണ്ടെന്ന് ഓർക്കാറുണ്ടോ? ഇല്ല
ഒരു കിലോ തേൻ ഉണ്ടാക്കാൻ തേനീച്ചകൾ 45 ലക്ഷം പൂക്കളിൽ നിന്നെങ്കിലും പൂമ്പൊടി ശേഖരിക്കണം
ഒരു സെക്കൻഡിൽ തേനീച്ച 200 തവണ ചിറകടിക്കും. മണിക്കൂറിൽ 25 കിലോമീറ്റർ വരെ സഞ്ചരിക്കും
ഇങ്ങനെയൊക്കെ പണിയെടുത്തിട്ടാണ്‌ തേനീച്ച ഓരോ തുള്ളി തേനും നിർമ്മിച്ച്‌ തരുന്നത്‌
ചുരുങ്ങിയത്‌ 150 ദശലക്ഷം വർഷങ്ങളെങ്കിലുമായി തേനീച്ചകൾ ഇങ്ങനെ തേൻ ഉണ്ടാക്കാൻ തുടങ്ങിയിട്ട്‌
ഈ തേനീച്ചകളെപ്പൊലെ തന്നെ പണിയെടുക്കുന്നുണ്ട്‌ അധ്വാനികളായ ഒരു വലിയ കൂട്ടം മനുഷ്യരും
കർഷകർ. കൃഷിപ്പണിക്കാർ. നിർമ്മാണ തൊഴിലാളികൾ. നാമമാത്ര തെരുവോര കച്ചവടക്കാർ. വലിയ അധ്വാനവും കുറഞ്ഞ വേതനവും മാത്രം ലഭിക്കുന്ന മറ്റ്‌ ജോലികൾ ചെയ്യുന്ന അനേകമനെകം ആളുകൾ
ഭൂമിയിലെ മഹത്തായ കർമ്മം നിർവ്വഹിക്കുന്ന തേനീച്ചകൾ ആണവർ
ഈ ഭൂമിക്ക്‌, അതിലെ മനുഷ്യ സമൂഹത്തിന്‌ താങ്ങും തണലുമായി നിൽക്കുന്ന അധ്വാനശാലികൾ
അവരില്ലാതെ ഈ ഭൂമി പൂർണ്ണമാകില്ല മനുഷ്യന്‌
പൂർണ്ണം പോയിട്ട്‌ അര ശതമാനം പോലും ആകില്ല
780 കോടി ജനങ്ങളെ തീറ്റിപ്പോറ്റുന്നത്‌ 350 കോടി ഏക്കർ സ്ഥലത്ത്‌ കൃഷി ചെയ്യുന്ന 200 കോടിയോളം കർഷകരും കാർഷികത്തൊഴിലാളികളുമാണ്‌
മനുഷ്യൻ ഭക്ഷണത്തിലേക്ക്‌ മാത്രമായി ഉപഭോഗത്തെ ചുരുക്കിയ ഈ ലോക്ക്‌ ഡൗൺ കാലത്ത്‌, ഓരോ പിടി ചോറിനും, ഓരോ കഷണം ചപ്പാത്തിക്കും, ഓരോ സ്പൂൺ സാമ്പാറിനും നിത്യവും നന്ദി പറയണം ഈ കർഷകർക്ക്‌
അവരുടെ വിയർപ്പിന്‌
അധ്വാനത്തിന്‌
തേനീച്ചകളെപ്പോലെ അവർ പണിയെടുത്ത്‌, ബാക്കിയുള്ളവർക്ക്‌ തേൻ പോലെ ഭക്ഷണം നൽകുന്നതിന്‌
അവരെ ലോകം വല്ലാതെ മറന്ന് പോയിരുന്നു
അവരുടെ കണ്ണീരിന്റെ കഥകൾ ലോകം കാണാതെ പോയിരുന്നു
അവരുടെ ആത്മഹത്യകൾ ലോകത്തിന്‌ വെറുമൊരു സംഖ്യ മാത്രമായിരുന്നു
ആ സംഖ്യക്ക്‌ പിന്നിൽ കരിഞ്ഞുണങ്ങിപ്പോയ കുറേ ജീവിത സ്വപ്നങ്ങളുണ്ടെന്ന് ലോകം ഓർത്തിരുന്നില്ല
കുറേ സങ്കടങ്ങളുടെ ഭാണ്ഢങ്ങളുണ്ടെന്ന് ലോകംതിരിച്ചറിഞ്ഞിരുന്നില്ല
കുറേ നഷ്ടങ്ങളുടെയും കടങ്ങളുടെയും സഹനങ്ങളുടെയും ചോരപ്പാടുകളുണ്ടെന്ന് ലോകം അംഗീകരിച്ചിരുന്നില്ല
അതെല്ലാം ഓർമ്മിക്കാൻ തിരിച്ചറിയാൻ അംഗീകരിക്കാൻ ഈ കോവിഡ്‌ കാലത്തെങ്കിലും കഴിയട്ടെ ലോകത്തിന്‌
തേനീച്ചകളെപ്പോലെ നിർത്താതെ ചിറകടിച്ച്‌ ഈ ലോകത്തെ തീറ്റിപ്പോറ്റുന്ന, പരിപാലിക്കുന്ന കർഷക, കർഷകതൊഴിലാളി, മറ്റു തൊഴിലാളി വർഗ്ഗത്തിന്‌ ഓരോ നേരവും ഭക്ഷണത്തിന്‌ മുന്നിലിരിക്കുമ്പോൾ നന്ദി പറയാം
അവരെ സല്യൂട്ടടിക്കാം
അവർക്ക്‌ മുന്നിൽ മനസ്സ്‌ കൊണ്ട്‌ ഏത്തമിടാം
കോവിഡ്‌ കഴിഞ്ഞുള്ള കാലത്ത്‌ അവരോട്‌ നന്ദികേട്‌ കാണിക്കാതിരിക്കാൻ ഇന്നേ ശീലിക്കാം
ഒരു പുതിയ ശീലമാകട്ടെ അത്‌
ലോകം ഏറെക്കാലം കൊണ്ട്‌ മറന്ന് പോയൊരു ശീലം.

Comments are closed.