1470-490

ചരക്ക് വാഹനങ്ങളിലെ യാത്രക്കെതിരെ കര്‍ശന നിയമ നടപടി

ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കൊണ്ടുവരുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി: ജില്ലാ കലക്ടര്‍

അതിര്‍ത്തികളില്‍ പൊലീസും മോട്ടോര്‍ വാഹന വകുപ്പും വാഹനങ്ങള്‍ പരിശോധിക്കും

പിടിക്കപ്പെട്ടാല്‍ കേസെടുക്കും; ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും

മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിക്കൊണ്ടുവരുന്നത് കര്‍ശനമായി തടയുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്. ഇതര സംസ്ഥാനങ്ങളില്‍ നിന്നടക്കം നിയന്ത്രണങ്ങള്‍ ലംഘിച്ച് ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ ജില്ലയിലെത്തിക്കുന്ന പ്രവണത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പണം വാങ്ങിയാണ് ചരക്ക് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ വ്യാജ രേഖകളുണ്ടാക്കി പുറത്തു നിന്നുള്ളവരെ ജില്ലയിലെത്തിക്കാന്‍ ശ്രമിക്കുന്നത്. പൊതുജനാരോഗ്യത്തിന് ഒന്നടങ്കം ഭീഷണിയായ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ ഇത്തരത്തിലുള്ള നിയമ ലംഘനം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.

ഡ്രൈവറുടേയും സഹായിയുടേയും പേരില്‍ പാസെടുത്ത് സഹായിക്ക് പകരം പണം വാങ്ങി യാത്രക്കാരെ കൊണ്ടുവന്ന സംഭവങ്ങള്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. പുറത്ത് നിന്നുളളവരെ കൊണ്ടുവരുന്ന ചരക്ക് വാഹന ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്ത് നിയമ നടപടികള്‍ സ്വീകരിക്കും. ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും. ചരക്കെത്തിക്കുന്ന സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും ലൈസന്‍സ് റദ്ദാക്കി അവര്‍ക്കെതിരെയും പകര്‍ച്ച വ്യാധി നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യും. അനുമതിയില്ലാതെ യാത്രചെയ്തവര്‍ക്കെതിരെയും നിയമ നടപടികളുണ്ടാവും.

ചരക്ക് വാഹനങ്ങള്‍ക്ക് നല്‍കുന്ന പാസില്‍ ഡ്രൈവര്‍, സഹായി എന്നിവരുടെ പേരും വിലാസവും തിരിച്ചറിയല്‍ രേഖയുടെ വിവരങ്ങളും രേഖപ്പെടുത്തുന്നുണ്ട്. ഇവര്‍ മാത്രമാണ് തിരിച്ചെത്തുന്ന വാഹനത്തിലുള്ളതെന്ന് ഉറപ്പാക്കാന്‍ അതിര്‍ത്തികളില്‍ പോലീസ്, മോട്ടോര്‍ വാഹന വകുപ്പുകള്‍ പരിശോധന നടത്തും. പാസില്‍ വിവരങ്ങളില്ലാത്തവരുണ്ടെങ്കില്‍ വാഹനം അതിര്‍ത്തിയില്‍ത്തന്നെ പിടിച്ചിടാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പിടിക്കപ്പെടുന്ന വാഹനങ്ങള്‍ ചരക്കടക്കമാണ് പിടിച്ചെടുക്കുക.

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇതുവരെ 1,436 ചരക്ക് വാഹനങ്ങള്‍ക്കാണ് പാസുകള്‍ അനുവദിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കുകളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് പാസുകള്‍ നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 0483 -2734 990 എന്ന നമ്പറിലോ vehiclepassmpm@gmail.com എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാം. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേക്കും ചരക്കെടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന യാത്രാ പാസുകള്‍ ഉപയോഗിക്കാം. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612