അപകടകരമായ ഗെയിം: വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി.

അപകടകരമായ കമ്പ്യൂട്ടർ ഗെയിം : മലയാളി വിദ്യാർത്ഥിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി.
കുവൈത്ത് സിറ്റി : കുവൈത്തിൽ അപകടകരമായ കമ്പ്യൂട്ടർ ഗെയിം കളിച്ച മലയാളി വിദ്യാർത്ഥിയെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തി. പത്തനം തിട്ട പടുത്തോട് പതിനെട്ടിൽ വീട്ടിൽ സന്തോഷ് എബ്രഹാം , ഡോ. സുജ ദമ്പതികളുടെ മകൻ നിഹാൽ മാത്യു ഐസക് (13) ആണു റിഗ്ഗായിലെ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. കുട്ടികൾക്കിടയിൽ ഇപ്പോൾ ഏറെ പ്രചാരത്തിലുള്ള ഫോർട്ട് നൈറ്റ് കമ്പ്യൂട്ടർ ഗെയിമിൽ ഏറെ നേരം വ്യാപൃതനായിരുന്നു കുട്ടി. കഴിഞ്ഞ ദിവസം രാത്രി കളിയിൽ മുഴുകിയിരുന്ന കുട്ടിയെ രക്ഷിതാക്കൾ ശകാരിച്ചിരുന്നു . ഇതേ തുടർന്ന് വീട്ടിൽ നിന്നും ഇറങ്ങി പുറത്തേക്ക് പോയ കുട്ടിയെ രക്ഷിതാക്കൾ ഏറെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് നടത്തിയ തെരച്ചിലിൽ ആണു കെട്ടിടത്തിന്റെ പിൻ ഭാഗത്ത് കുട്ടിയെ വീണു മരിച്ച നിലയിൽ കണ്ടെത്തിയത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലായിരുന്നു ഇവർ താമസിച്ചത്. രണ്ടാം നിലയിൽ കയറി കുട്ടി താഴേക്ക് ചാടിയതാകുമെന്നാണു പ്രാഥമിക നിഗമനം. സബാഹ് ആശുപത്രിയിലെ ശിശുരോഗ വിഭാഗത്തിൽ ഡോക്റ്ററായ സുജയാണ് മാതാവ്. കുവൈത്ത് ഇംഗ്ലീഷ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് നിഹാൽ. നിഖിൽ മൂത്ത സഹോദരനാണ്. ബ്ലു വെയിൽ ഗെയിമിനു സമാനമായി ഏറെ അപകടകാരിയായ കമ്പ്യൂട്ടർ ഗെയിം ആണ് ഫോർട്ട് നൈറ്റ്.2017 ൽ പുറത്തിറങ്ങിയ ഈ ഗെയിം കുട്ടികൾക്കിടയിൽ ഏറെ പ്രചാരമുള്ളതാണ്. ഈ ഗെയിമിൽ ഏർപ്പെടുന്ന കുട്ടികൾ പെട്ടെന്ന് തന്നെ ഇതിനു അടിമപ്പെടുകയും വിഷാദ രോഗം അടക്കമുള്ള ഒട്ടേറെ മാനസിക പ്രശ്നങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്നതായി നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു.
Comments are closed.