1470-490

കേരള മാതൃക; വെറും പിണറായി മാജിക്കല്ല

കോവിഡ് പ്രതിരോധത്തിൽ ലോക മാതൃകയായ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ യഥാർത്ഥ കഥ.

അലീന.എസ്.

കോവിഡിനെ വിജയകരമായി നിയന്ത്രിച്ചു നിർത്തുന്ന കേരളത്തിന്റെ ആരോഗ്യ മാതൃകയിലേക്ക് ലോകം മുഴുവൻ ഉറ്റുനോക്കുകയാണ്. അമേരിക്കയും ഇറ്റലിയും സ്പെയിനുമുൾപ്പെടെയുള്ള ലോകത്തെ ഒന്നാം നമ്പർ സാമ്പത്തിക ശക്തികൾ കൊറോണയുടെ പിടിയിൽ ജീവശ്വാസം കിട്ടാതെ പിടയുമ്പോൾ കേരളം ആത്മവിശ്വാസത്തോടെ രോഗവ്യാപനത്തെ പിടിച്ചുകെട്ടുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ പോലും വാർത്തയാകുകയാണ്.
ഇതൊരു മാജിക്ക് അല്ല; ചിട്ടയായി വളർത്തിയെടുക്കപ്പെട്ട കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ വിജയമാണിത്. കേരള സംസ്ഥാനം രൂപപ്പെടുന്നതിന് മുൻപ്, സ്വാതന്ത്ര്യലബ്ദിക്കും മുൻപ്, ആധുനിക വൈദ്യശാസ്ത്രത്തെ കേരളത്തിൽ സ്ഥാപിക്കാനാരംഭിച്ച സുദീർഘമായ ഒരു കഥ.

തിരുവതാംകൂറിലും കൊച്ചിയിലും ആധുനിക വൈദ്യശാസ്ത്രത്തിലടിസ്ഥാനമായുളള പൊതുജനാരോഗ്യ സംവിധാനങ്ങൾ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ആരംഭിച്ചിരുന്നു.1879-ൽ പബ്ലിക് സർവൻസിനും വിദ്യാർത്ഥികൾക്കും തടവുകാർക്കും വാക്സിനേഷൻ നിർബന്ധമാക്കിക്കൊണ്ടുളള ഉത്തരവ് ഈ നാട്ടുരാജ്യങ്ങളിലുണ്ടായിയെന്ന് രേഖപ്പെടുത്തുന്നു. നൂറ്റിയൻപതിലേറെ വർഷങ്ങളുടെ പഴക്കമുള്ള തിരുവനന്തപുരത്തെയും എറണാകുളത്തേയും ജനറൽ ആശുപത്രികളുടെ ചരിത്രമിത് സാക്ഷ്യപ്പെടുത്തുന്നു. (1839-ൽ തിരുവനന്തപുരം ജനറൽ ആശുപത്രിയും 1845-ൽ എറണാകുളം ജനറൽ ആശുപത്രിയും സ്ഥാപിതമായെന്നതാണ് ലഭ്യമായ വിവരം)
1928-ൽ കോളറയും അതിസാരവും നിയന്ത്രണ വിധേയമാക്കുവാൻ 1928-ൽ തിരുവിതാംകൂറിൽ ഗ്രാമീണമേഖലകളിൽ നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ അടിസ്ഥാന ശിലയായത്.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിൽ നിന്നും ആധുനിക വൈദ്യശാസ്ത്രത്തിൽ ബിരുദമെടുത്ത ഡോ: മേരി പുന്നൻ ലൂക്കോസിനെ തിരുവതാംകൂറിൽ ജനറൽ സർജനായി നിയമിച്ചു. വിദേശ ബിരുദമുളള ഒരു ഇന്ത്യൻ ഡോക്ടറെ ആദ്യമായാണ് ബ്രിട്ടീഷ് ഇന്ത്യയിൽ ഒരു പൊതുജനാരോഗ്യ കേന്ദ്രത്തിൽ നിയമിക്കുന്നത്. അമേരിക്കയിലും യൂറോപ്പിലും പോലും വനിതാ ഡോക്ടർമാർ അക്കാലത്ത് അപൂർവമായിരുന്നുവെന്ന് ഓർക്കണം.
ഇതേ കാലത്ത് ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തന ഫലമായി കന്യാസ്ത്രീകളും ക്രിസ്ത്യൻ കുടുംബങ്ങളിലെ പെൺകുട്ടികളും നഴ്സിംഗ് രംഗത്തേക്ക് കടന്നു വന്നതും പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് മുതൽക്കൂട്ടായി.
സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം രൂപപ്പെടുന്നതിനു മുൻപു തന്നെ 1951-ൽ കോഴിക്കോട് മെഡിക്കൽ കോളേജ് സ്ഥാപിക്കപ്പെട്ടു.(1957-ൽ ഇത് ഇന്നത്തെ ബീച്ചിൽ ആശുപത്രിയായി മാറ്റി)
ഈ പൊതുജനാരോഗ്യ സംവിധാനങ്ങൾക്ക് സഹായകരമായ വിധത്തിൽ ശുദ്ധജല വിതരണത്തിനും വിദ്യാഭ്യാസത്തിനുമുളള സംവിധാനങ്ങളും സ്ഥാപിക്കപ്പെടുകയുണ്ടായി.
ഈ സംവിധാനങ്ങൾ സാധാരണക്കാരനും പ്രാപ്യമാകുന്ന വിധത്തിലുള്ള ഒരു ആരോഗ്യ സംസ്കാരം നമ്മുടെ നവോത്ഥാന പ്രസ്ഥാനം സൃഷ്ടിച്ചു. അയ്യൻകാളിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ ശുചിത്വത്തെ കുറിച്ചുളള അടിസ്ഥാന ധാരണകൾ വളർത്തിയെടുക്കാൻ നടത്തിയ പരിശ്രമങ്ങൾ അറിവുളളതാണല്ലോ.

1956-ൽ കേരളം രൂപം കൊണ്ട നാൾ മുതൽ ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും ഏറ്റവും കൂടുതൽ പൊതുഫണ്ട് അനുവദിക്കപ്പെട്ടു. 1956 മുതൽ 1980 വരെ ശരാശരി 13.04% ബജറ്റ് വിഹിതം പൊതുജനാരോഗ്യ മേഖലയ്ക്ക് നൽകിയിരുന്നു.

1960_61-ൽ ഇരുപതിനായിരം ബെഡ്ഡുകളായിരുന്നു കേരളത്തിലെ പൊതുജനാരോഗ്യ മേഖലയിലുണ്ടായിരുന്നുവെങ്കിൽ 1986-ലത് 36,000 ആയി.
1986 മുതൽ ആരോഗ്യ മേഖലയിലേക്കുളള പൊതുഫണ്ട് ക്രമാനുഗതം കുറഞ്ഞുവന്നു. 1985_86-ൽ ടോട്ടൽ റവന്യു എക്സ്പെൻടിച്ചറിന്റെ 8.8 ശതമാനമാണ് ആരോഗ്യ രംഗത്ത് ചിലവഴിച്ചതെങ്കിൽ 1995_96-ലത് 7.2 ശതമാനമായി. ഇതേ കാലഘട്ടത്തിലാണ് സ്വകാര്യ ആരോഗ്യമേഖല വളരുന്നത്. 1986 മുതൽ 1996 വരെ പൊതുജനാരോഗ്യ മേഖലയുടെ വളർച്ച 5.5 ശതമാനമായിരുന്നെങ്കിൽ സ്വകാര്യ മേഖലയിലത് 40 ശതമാനമായിരുന്നു. ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളിൽ നിന്നും സ്വകാര്യവത്ക്കരണത്തിന്ടെയും ആഗോളവത്ക്കരത്തിന്ടെയും നയങ്ങളിലേക്ക് നമ്മുടെ നാട് വ്യതിചലിച്ചു തുടങ്ങിയ നാളുകളായിരുന്നുവിത്.

സുദീർഘമായ പോരാട്ടങ്ങളുടെ ഫലമായുള്ള ക്ഷേമരാഷ്ട്ര സങ്കൽപ്പങ്ങളിലൂന്നിയുള്ള ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ ഒറ്റയടിക്ക് കച്ചവടത്തിനു നൽകാൻ അനുവദിക്കുന്നതല്ല നമ്മുടെ സമൂഹ മനസ്സ്. അവശേഷിക്കുന്ന ആ നന്മയുടെ ഫലമാണ് കോവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിനു മുന്നിൽ മാതൃകയായി കൊച്ചു കേരളത്തെ എത്തിച്ചിരിക്കുന്നത്. നമ്മുടെ സർക്കാരിന് ചലിപ്പിക്കുവാൻ സാധിക്കുന്ന ഒരടിസ്ഥാന ആരോഗ്യ മാതൃക കേരളം ഇക്കാലം കൊണ്ട് സൃഷ്ടിച്ചിരുന്നു.
ആരോഗ്യ രംഗവും ആരോഗ്യ വിദ്യാഭ്യാസവും ഗവേഷണവുമുൾപ്പടെ സമ്പൂർണ്ണമായി സ്വകാര്യ മേഖലയിലായിരുന്ന അമേരിക്ക ഉൾപ്പടെയുള്ള വമ്പൻ ശക്തികൾ കൂപ്പുകുത്താനുള്ള കാരണവുമിതാണ്. ഹൈഡ്രോക്സി ക്ലോറോക്വിനു വേണ്ടി ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന അമേരിക്കയുടെ ആരോഗ്യരംഗം ഇൻഷ്വറൻസ് ഭീമന്മരുടെ കൈയിലാണ്. പോക്കറ്റിൽ കനമില്ലാത്തവന് ചികിത്സ നൽകാൻ അവിടെ സർക്കാർ ആശുപത്രിയില്ല; സർക്കാർ ഫണ്ടുമില്ല.
കോവിഡിനെ പ്രതിരോധിക്കാൻ അവസാന നിമിഷം ആരോഗ്യ രംഗമാകെ ദേശസാത്ക്കരിക്കാൻ തുനിഞ്ഞ സ്പെയിനിനെ മറന്നു കാണില്ലല്ലോ.

ആരോഗ്യ മേഖല സർക്കാർ സംവിധാനത്തിൻ കീഴിൽ തന്നെയാകണമെന്നതാണ് കോവിഡ് പ്രതിരോധത്തിൻ്റെ അടിസ്ഥാന പാഠം.
കേരളത്തിൻ്റെ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങളെ പൂർണ്ണമായും സർക്കാർ സംവിധാനത്തിനു കീഴിൽ ശക്തിപ്പെടുത്തിക്കൊണ്ടേ നമുക്ക് ഈ മാതൃക നിലനിർത്താനാകൂ.
ഇതൊരു ആഗോള മാർക്കറ്റായി അവതരിപ്പിക്കപ്പെടാനുള്ള സാധ്യത നാം കരുതിയിരിക്കുക തന്നെ വേണം. ആരോഗ്യ ഇൻഷ്വറൻസ് കേരളത്തിൻ്റെ പൊതുജനാരോഗ്യ മേഖലയിൽ ചുവടുറപ്പിച്ചു തുടങ്ങിയത് മറക്കരുത്. ഏകപക്ഷീയമായി NMC ACT (നാഷണൽ മെഡിക്കൽ കൗൺസിൽ ആക്ട് ) പാർലമെൻ്റിലും രാജ്യസഭയിലും പാസാക്കിയതും മറക്കരുത്.
ഈ നയങ്ങൾ ഒരൽപ്പം മുന്നോട്ടു പോയതിനു ശേഷമാണ് കോവിഡ് എത്തിയതെങ്കിൽ കേരളത്തിൻ്റെയും വിധി മറ്റൊന്നാകുമായിരുന്നു.
മാത്രമല്ല, കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി കേരളത്തിന്റെ ആരോഗ്യ മേഖലയുടെ ഫണ്ടിംഗും പോളിസിയും പ്രധാനമായും ഊന്നുന്നത് NRHM പ്രോജക്ടാണ്. ആരോഗ്യരംഗത്തെ ആഗോള വിൽപ്പന ചരക്കാക്കുവാൻ ലോകബാങ്ക് വിഭാവനം ചെയ്ത മാസ്റ്റർ പ്ലാനാണ് NHRM.(വിദ്യാഭ്യാസ രംഗത്ത് DPEP പോലെ) സ്ഥിരനിയമനങ്ങൾ ക്രമാനുഗതം ഇല്ലാതാക്കി. ആരോഗ്യ രംഗത്തെ ഇൻഫ്രാസ്ട്രക്ചർ കാലക്രമേണ കച്ചവടത്തിനു വയ്ക്കുന്ന പ്രസ്തുത വെൽഡ്രാഫ്റ്റഡ് പ്ലാൻ ഘട്ടംഘട്ടമായി നമ്മുടെ ആരോഗ്യ മേഖലയിൽ നടപ്പിലാകുന്നുണ്ട്. ആരോഗ്യ ഇൻഷ്വുറൻസും ആയുഷ്മാൻ ഭാരതുമെല്ലാം ഈ കച്ചവടവത്ക്കരണത്തിലേക്കുളള ചുവടുവെയ്പ്പാണ്.
ഇപ്പോൾ ഇൻഷ്വറൻസ് സർക്കാർ അടയ്ക്കുമെന്നേയുളളൂ; ഭാവിയിൽ ഇതെന്താകുമെന്നതിന് സാക്ഷാൽ അമേരിക്ക മാതൃകയായുണ്ട്. (ഈ ഇൻഷുറൻസ് ക്ലൈയിം ചെയ്യാമെന്ന് അവകാശപ്പെടുന്ന പുഷ്പഗിരിയോ അമൃതയോ പോലെയുള്ള സ്വകാര്യ ആശുപത്രികളിലേക്കോ അല്ലെങ്കിൽ ഒരു പ്രസവത്തിനോ ഡെങ്കിപ്പനി ചികിത്സയ്ക്കോയായിട്ട് നമ്മുടെ മെഡിക്കൽ കോളെജുകളിലോ ഒന്നു പോയി നോക്കിയാലും മതി)

കോവിഡ് പ്രതിരോധത്തിൽ ചികിത്സ സമ്പൂർണ്ണമായി സൗജന്യമായി നൽകിയ ആരോഗ്യ മാതൃകയാണ് ശക്തിപ്പെടേണ്ടത്. സർക്കാർ സംവിധാനത്തിൽ ഏതൊരാൾക്കും പനിക്കും ആക്സിഡന്റിനും ഹൃദയ രോഗങ്ങൾക്കും കാൻസറിനും എന്നു തുടങ്ങി എല്ലാ അസുഖങ്ങൾക്കും സൗജന്യമായി മികച്ച ചികിത്സ ലഭിക്കുന്ന ആരോഗ്യ കേന്ദ്രങ്ങൾ ഇവിടെയുണ്ടാകണം.
പൂർവികരൊരുക്കി നൽകിയ പൊതുജനാരോഗ്യ സംവിധാനത്തെ ഉപയോഗപ്പെടുത്തി കോവിഡിനെ പൊരുതി തോൽപ്പിച്ച നമുക്ക് ഭാവിയിലേക്ക് അത് ശക്തിപ്പെടുത്താനുളള ഉത്തരവാദിത്വവുമുണ്ട്.

Reference: Ramankutty.V. “Historical Analysis of the Development of Health Care Facilities in Kerala State, India”. Health Policy and Planning 15(1) Oxford University Press. 2000.
103-109

അനാമിക അംബേദ്കർ,
17.4.2020.

Comments are closed.