1470-490

ബാലുശ്ശേരി പോലീസ് നടപടി കർശനമാക്കി

ബാലുശ്ശേരി: പോലീസ് സ്റ്റേഷൻ പരിധിയിലെ ഉണ്ണികുളം വില്ലേജ് മഠത്തുംപൊയിൽപ്രദേശം കോവിഡ് അതിതീവ്രമേഖലയായി പ്രഖ്യാപിച്ചതോടെ പോലീസ് നടപടികൾ കർശനമാക്കി. മഠത്തുംപൊയിൽ പ്രദേശത്ത് ഒരാൾക്ക് നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അയാൾക്ക് രോഗം ഭേദമായി. ഈ പ്രദേശമാണ് വീണ്ടും അതിതീവ്ര മേഖലയായി പ്രഖ്യാപിച്ചത്. വ്യക്തമായ രേഖകളും പാസുമുള്ള വാഹനങ്ങൾ മാത്രമാണ് പോലീസ് വിട്ടയയ്ക്കുന്നത്.

മാസ്ക് ധരിക്കാതെ പൊതു ഇടങ്ങളിലേക്ക് ഇറങ്ങുന്നവർക്കെതിരേയും നടപടി ആരംഭിച്ചു. പൊതു ഇടങ്ങളിൽ കൂടിനിൽക്കുന്നവർക്കെതിരേ കേസെടുക്കുന്നുണ്ട്. കസ്റ്റഡിയിലെടുക്കുന്ന വാഹനങ്ങൾ പോലീസ് സ്റ്റേഷൻ പരിസരത്ത് നിറയുകയാണ്.

ഉണ്ണികുളം പഞ്ചായത്തിലെ പൂനൂർ അങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിൽ കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ആളുകൾ പോലീസിന്റെ നിർദേശങ്ങൾ പാലിക്കാത്ത സ്ഥിതി ഇവിടെയുണ്ടായിരുന്നു. തുടർന്ന് നടപടികൾ കർശനമാക്കിയതായി സി.ഐ. ജീവൻ ജോർജ് അറിയിച്ചു.

പൊതു ഇടങ്ങളിൽ തുപ്പുന്നവർക്കെതിരേയും നടപടി സ്വീകരിക്കും. വ്യാജവാറ്റ് നടക്കുന്ന കണ്ണാടിപ്പൊയിൽ, മങ്കയം, വയലട, തരിപ്പാക്കുനി മല എന്നിവിടങ്ങളിൽ പോലീസും എക്സൈസ്‌ വകുപ്പും പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യവകുപ്പും ബാലുശ്ശേരി മേഖലയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി.

Comments are closed.