1470-490

മറക്കരുത്…. മഴക്കാല പൂർവ ശുചീകരണം


കൊവിഡ് 19 മാനദണ്ഡങ്ങൾക്കകത്ത് നിന്ന് മഴക്കാലപൂർവ്വ ശുചീകരണവും പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ഊർജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാറ്റിവയ്ക്കാൻ കഴിയാത്ത പ്രവർത്തനമാണ് മഴക്കാലപൂർവ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ പലതരം പനിയും പകർച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്. വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഇടപെടണമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. വീടുകൾ സ്വന്തമായി വൃത്തിയാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പ്രോത്സാഹനം നൽകണം. ഹോട്‌സ്‌പോട്ട് ജില്ലകളിലും വീടും പരിസരവും വൃത്തിയാക്കാനാകണം.
പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫിസുകളും ഒരു ദിവസം ശുചീകരണം നടത്തണം. നിശ്ചിത അകലം പാലിച്ച് അഞ്ചിൽ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവർത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങൾ ആലോചിക്കണം. വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഖരമാലിന്യങ്ങൾ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്‌കരിക്കാൻ സംവിധാനം ഉണ്ടാക്കണം. ആവശ്യമായ ബോധവൽക്കരണവും ഇക്കാര്യത്തിൽ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കുളങ്ങളും, തോടുകളും വൃത്തിയാക്കണം. ഹരിതകർമസേന, സാമൂഹ്യസന്നദ്ധ സേന എന്നിവയുടെ ഏകോപന പ്രവർത്തനങ്ങൾ ഇക്കാര്യത്തിൽ ഉണ്ടാകണം. അതിഥിതൊഴിലാളികളെ കൂടി ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. കൊതുക് നിവാരണ പ്രവർത്തനങ്ങൾക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻഗണന നൽകണം. ഏതെങ്കിലും തരത്തിലുള്ള പനി വന്നാൽ സ്വയംചികിത്സ പാടില്ല. നിർബന്ധമായും ഡോക്ടറെ കാണണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Comments are closed.