1470-490

കേന്ദ്രം അനുവദിച്ചാൽ കേരളത്തിന് ഇളവുകൾ

കോവിഡ് പ്രതിരോധത്തിനായി ജില്ലകളെ മേഖലകളായി തിരിച്ച് കേരളം. കേന്ദ്ര അനുമതി കിട്ടിയാൽ ചില ഇളവുകൾ അനുവദിക്കും’

കേന്ദ്രം പ്രഖ്യാപിച്ച പൊതുനിയന്ത്രണങ്ങൾ എല്ലാം സംസ്ഥാനവും നടപ്പിലാക്കും. അന്തർ സംസ്ഥാന-ജില്ലാ യാത്രകൾക്കുള്ള നിയന്ത്രണം തുടരും. കേന്ദ്രസർക്കാരിന്റെ ലിസ്റ്റ് അനുസരിച്ച് കാസർകോട്, കണ്ണൂർ, എറണാകുളം, മലപ്പുറം, തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളെയാണ് ഹോട്‌സ്‌പോട്ടുകളായി കണക്കാക്കിയത്.

കാസർകോട് 61, കണ്ണൂർ 45, മലപ്പുറം 9 എന്നിങ്ങനെയാണ് ഈ ജില്ലകളിലെ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം. ഈ മൂന്ന് ജില്ലകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പോസിറ്റീവ് കേസുകൾ ഉള്ളത് 9 പേരുള്ള കോഴിക്കോട് ആണ്. ഈ നാല് ജില്ലകളെയും ചേർത്ത് ഒരു മേഖലയാക്കും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഈ നാല് ജില്ലകൡും ഇളവില്ലാതെ നടപ്പിലാക്കും. ഈ ജില്ലകളിൽ തീവ്രബാധയുള്ള ഹോട്ട്‌സ്‌പോട്ട് പ്രദേശങ്ങൾ പ്രത്യേകമായി കണ്ടെത്തും. അത്തരം വില്ലേജുകളുടെ അതിർത്തി അടയ്ക്കും. എൻട്രി പോയിന്റും എക്‌സിറ്റ് പോയിന്റും ഈ ജില്ലകളിൽ ഉണ്ടാകും. മറ്റ് വഴികളെല്ലാം അടയ്ക്കും. ഭക്ഷ്യവസ്തുക്കളും മറ്റും ഈ പോയന്റിലൂടെയാകും എത്തിക്കുക.

അടുത്ത മേഖലയായി കാണുന്നത് 6 കേസുള്ള പത്തനംതിട്ട, 3 കേസുള്ള എറണാകുളം, 5 കേസുള്ള കൊല്ലം എന്നീ ജില്ലകളെയാണ്. ഇതിൽ ഹോട്‌സ്‌പോട്ടായി കേന്ദ്രസർക്കാർ കണക്കാക്കിയ പത്തനംതിട്ടയും എറണാകുളവുമുണ്ട്. ഈ മൂന്ന് ജില്ലകളിൽ ഏപ്രിൽ 24 വരെ ലോക്ഡൗൺ തുടരും. ഹോട്ട്‌സ്‌പോട്ട് പ്രത്യേക പ്രദേശങ്ങൾ കണ്ടെത്തി ഈ ജില്ലകളിലും അതിർത്തി അടച്ചിടും. 24ന് ശേഷം സ്ഥിതിഗതി വിലയിരുത്തി സാഹചര്യം അനുകൂലമാണെങ്കിൽ മാത്രം ഇളവുകൾ അനുവദിക്കും.

മൂന്നാമത്തെ മേഖലയായി കണക്കാക്കുന്നത് 3 കേസുകളുള്ള ആലപ്പുഴ, 2 കേസുകൾ നീതമുള്ള തിരുവനന്തപുരം, പാലക്കാട്, ഓരോ കേസുകളുള്ള തൃശൂർ, വയനാട് ജില്ലകളെയാണ്. ഇതിൽ ഹോട്‌സ്‌പോട്ടായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച തിരുവനന്തപുരം ഉണ്ട്. ഈ മേഖലയിൽ ഭാഗികമായി സാധാരണ ജീവിതം അനുവദിക്കും. മറ്റെല്ലാ നിയന്ത്രണങ്ങളും ബാധകമായിരിക്കും. സംസ്ഥാന-ജില്ലാ അതിർത്തികളെല്ലാം അടഞ്ഞുകിടക്കും. ഇവിടങ്ങളിലുമുള്ള ഹോട്‌സ്‌പോട്ടായ പ്രദേശങ്ങൾ അടച്ചിടും. കടകൾ, റസ്റ്റോറന്റ് എന്നിവ വൈകിട്ട് 7 മണിവരെ അനുവദിക്കാം.

കോവിഡ് പോസിറ്റീവ് കേസുകൾ ഒന്നുമില്ലാത്തത് കോട്ടയം, ഇടുക്കി ജില്ലകളിലാണ്. ഇവയെ മറ്റൊരുമേഖലയായി തംതിരിക്കും. ഇടുക്കി തമിഴ്‌നാട് അതിർത്തി പങ്കിടുന്ന ജില്ലയാണ്. അതിനാൽ കൂടുതൽ ജാഗ്രത ഇവിടെയുണ്ടാകും. രണ്ടിടത്തും ജില്ല വിട്ടു യാത്ര അനുവദിക്കില്ല. സുരക്ഷയോടെ സാധാരണ ജീവിതം അനുവദിക്കാം. എന്നാൽ മറ്റു നിയന്ത്രണങ്ങളെല്ലാം ബാധകമായിരിക്കും.

മേൽ പറഞ്ഞ എല്ലാ മേഖലകളിലും കൂട്ടം ചേരൽ, ജില്ലകൾ വിട്ടുള്ള യാത്രകൾ, സിനിമാ ശാലകൾ, ആരാധനാലയങ്ങൾ എന്നിവയുടെ സാധാരണ നിലയിലുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നിലവിൽ തുടരുന്ന വിലക്കുകൾ ബാധകമാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

എവിടെ ആയാലും പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം. സാനിറ്റൈസറും കൈകഴുാനുള്ള സൗകര്യവും ഒരുക്കണം. കോവിഡ് പ്രതിരോധ നടപടികൾ വിജയിപ്പിക്കാൻ ഓരോ ജില്ലയ്ക്കും പ്രത്യേകമായ രോഗപ്രതിരോധ പ്ലാൻ ഉണ്ടാകും. വികേന്ദ്രീകൃതമായ രീതിയിൽ ഇത് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. ഹോട്ട്‌സ്‌പോട്ട് മേഖല വരുന്ന സ്ഥലത്ത് തദ്ദേശ സ്ഥാപനത്തിന് സവിശേഷമായ പ്ലാൻ ഉണ്ടാകും. രോഗമുക്തരായി ആശുപത്രിയിൽ നിന്ന് ഇറങ്ങുന്നവരും അവരുടെ കുടുംബാംഗങ്ങളും 14 ദിവസം പുറത്തിറങ്ങുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യരുത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഈ കുടുംബങ്ങളെ നിരീക്ഷിക്കാൻ സംവിധാനം ഏർപ്പെടുത്തണം.

ഏപ്രിൽ 20 മുതൽ ഇടവിട്ട ദിവസങ്ങളിൽ വാഹനങ്ങൾ ഓടിക്കുന്നതിന് ക്രമീകരണം ഏർപ്പെടുത്തും. ഒറ്റ, ഇരട്ടയക്ക നമ്പർ വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയിലാണ് ഇളവുകൾ ഉണ്ടാവുക. സ്ത്രീകൾ ഓടിക്കുന്ന വാനങ്ങൾക്ക് ഈ വ്യവസ്ഥയിൽ ഇളവുകൾ ഉണ്ടാകും. ഏപ്രിൽ 20ന് ശേഷവും കർശന നിയന്ത്രണം തുടരുന്ന കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകൾക്ക് ഈ ഇളവുകൾ ബാധകമാകില്ലെന്നും മുഖ്യമന്ത്ര പറഞ്ഞു.

Comments are closed.