1470-490

ക്ഷേത്രത്തിലെ ഇടക്കാല മേൽശാന്തി സ്ഥാനം; ക്ഷേത്രം തന്ത്രി വിയോജിപ്പ് രേഖപ്പെടുത്തി – ദേവസ്വം തീരുമാനം മാറ്റി


ഗുരുവായൂർ: ക്ഷേത്രത്തിലെ ഇടക്കാല മേൽശാന്തി സ്ഥാനം ക്ഷേത്രം തന്ത്രി വിയോജിപ്പ് രേഖപ്പെടുത്തിയതിനെ തുടർന്ന് ദേവസ്വം തീരുമാനം മാറ്റി. ക്ഷേത്രത്തിലെ നിലവിലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി അവസാനിച്ചതിനെ തുടർന്ന് ഇടക്കാല മേൽശാന്തിയായി പഴയത്ത് സതീശൻ നമ്പൂതിരിയെ കഴിഞ്ഞ ദിവസം ദേവസ്വം നിയമിച്ചിരുന്നു. എന്നാൽ ഇടക്കാല മേൽശാന്തി എന്ന പദവിയില്ലായെന്നും ഇടക്കാല മേൽശാന്തിയെ നിയമിച്ച കാര്യത്തിൽ പുനഃപരിശോധന വേണമെന്നും കാണിച്ച് ക്ഷേത്രം വലിയ തന്ത്രി ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് വ്യാഴാഴ്ച്ച ദേവസ്വം ചെയർമാന് കത്ത് നൽകുകയായിരുന്നു. ക്ഷേത്രത്തിലെ നാല് ഓതിക്കന്മാർ ചേർന്ന് മേൽശാന്തിയുടെ പ്രവർത്തി ചെയ്യുന്നതിനാണ് കഴിഞ്ഞ ദിവസം ധാരണയായിരുന്നതെന്നും കത്തിൽ ചൂണ്ടികാട്ടിയിരുന്നു. ഇതേ തുടർന്ന് ഇടക്കാല മേൽശാന്തി എന്ന പദവി ഒഴിവാക്കാൻ ദേവസ്വം അധികൃതർ  തീരുമാനിക്കുകയായിരുന്നു.
  നിലവിലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. ലോക്ക്ഡൗൺ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂവും നറുക്കെടുപ്പും നടത്താൻ സാധിയ്ക്കാതെ വന്നതിനെ തുടർന്ന് അദ്ദേഹം ചുമതല തുടരുകയായിരുന്നു. ലോക്ഡൗൺ നീട്ടിയ സാഹചര്യത്തിൽ മേൽശാന്തി തെരഞ്ഞെടുപ്പ് ഇനിയും നീളുമെന്നതിനാലും നിലവിലെ മേൽശാന്തിയ്ക്ക് വിശ്രമം ആവശ്യമായതിനാലുമാണ് മേൽശാന്തിയുടെ ചുമതല ഓതിക്കന്മാർക്ക് കൈമാറാൻ ദേവസ്വം തീരുമാനിച്ചത്.
  ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കുന്നതുവരെ നാല് ഓതിക്കൻമാർ ചേർന്ന് ക്ഷേത്രം മേൽശാന്തിയുടെ ചുമതലകൾ നിർവഹിക്കും. തിരുവാഭരണങ്ങളുടേയും, ശ്രീകോവിലിലെ മറ്റു മുതലുകളുടെയും, മേൽശാന്തിയുടെ പ്രവർത്തികൾ മറ്റ് ഓതിക്കന്മാരുമായി ബന്ധപ്പെട്ട് നിർവ്വഹിക്കുന്നതിന്റേയും ചുമതല പഴയത്ത് സതീശൻ നമ്പൂതിരിയ്ക്കായിരിക്കും.

Comments are closed.