1470-490

അനധികൃത മത്സ്യ- മാംസ കച്ചവടത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേഖല കമ്മറ്റി.

കേച്ചേരി മാർക്കറ്റിലെ അനധികൃത മത്സ്യ- മാംസ കച്ചവടത്തിനെതിരെ ഡി.വൈ.എഫ്.ഐ. മേഖല കമ്മറ്റി. നിയമാനുസൃതമായ ലൈസൻസുകൾ ഇല്ലാതെ മാംസ – മത്സ്യ വിപണന കേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഡി.വൈ.എഫ്.ഐ. കേച്ചേരി മേഖല കമ്മിറ്റി പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം മാർക്കറ്റിൽ വ്രണം ബാധിച്ച മാടിനെ അറുത്ത് മാംസമാക്കി വിൽപ്പന നടത്താനുള്ള നീക്കം ഡി.വൈ.എഫ്.ഐ നേതാക്കളുടെ ഇടപെടലിനെ തുടർന്ന് തടഞ്ഞിരുന്നു. കാലുകളിലും, മുതുകിലും വരണം ബാധിച്ച മാടിന്റെ ദൃശ്യങ്ങൾ അടക്കം ഡി.വൈ.എഫ്.ഐ നേതാക്കളായ അജീഷും, കെ.വി.വിജീഷും ആരോഗ്യ വിഭാഗത്തിനും, പഞ്ചായത്തിനും നൽകിയ പരാതിയെ തുടർന്ന് നടത്തിയ പരിശോധനയിൽ ഉബൈദ് എന്നായാളുടെ സ്ഥാപനത്തിലേക്ക് കൊണ്ടു വന്നതായിരുന്നു  വ്രണം ബാധിച്ച മാട് എന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് കുന്നംകുളം പോലീസിന്റെ സഹകരണത്തോടെ നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചു വന്നിരുന്ന മാർക്കറ്റിലെ മുഴുവൻ മത്സ്യ-മാംസ വിപണന കേന്ദ്രങ്ങളും അടച്ച് പൂട്ടാൻ നോട്ടീസ് നൽകി. ജനങ്ങൾക്ക് രോഗം പരത്തുന്ന വിധത്തിലുള്ള മാംസ വിൽപ്പനയാണ് ഉബൈദിന്റെ സ്ഥാപനത്തിൽ നടന്നുവന്നിരുന്നതെന്ന് ഡി.വൈ.എഫ്.ഐ. നേതാക്കളായ വിഷ്ണു വിജയനും ഫഹദ് മുസ്തഫയും വ്യക്തമാക്കി. ഇതിനെതിരെ പരാതികൾ വ്യാപകമായിരുന്നുവെന്നും,ജനങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന രീതിയിലുള്ള മാംസവ്യാപാരം തടയാൻ ഏതറ്റം വരെ പോകുമെന്നും ഇരുവരും പറഞ്ഞു. ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആരോഗ്യ വിഭാഗവും, ഭക്ഷ്യ സുരക്ഷ വിഭാഗവും കാര്യക്ഷമമായ പ്രവർത്തനം നടത്തണമെന്നും നേതാക്കൾ കൂട്ടി ചേർത്തു. വൃത്തിഹീനമായ സാഹചര്യത്തിലും, വ്രണം ബാധിച്ച മാടിനെ മാംസമാക്കി വിൽപ്പന നടത്താൻ ശ്രമിച്ചതിനാലും അടച്ചുപൂട്ടിയ സ്ഥാപനങ്ങൾ ലോക്ക് ഡൗൺ സമയപരിധി വരെ തുറക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ വിഭാഗം വ്യക്തമാക്കിയിരുന്നു.

Comments are closed.