1470-490

കോവിഡ് 19: ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാല്‍ കര്‍ശന നടപടി

ഡ്രൈവറുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കും

ജില്ലയില്‍ 1,334 ചരക്ക് വാഹനങ്ങള്‍ക്ക് പാസ് അനുവദിച്ചു

മലപ്പുറം ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കാന്‍ യാത്രാ അനുമതി നല്‍കുന്ന ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ കയറ്റിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. മറ്റു ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും ചരക്ക് വാഹനങ്ങളില്‍ യാത്രക്കാരെ ജില്ലയിലേക്ക് കൊണ്ടുവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുന്ന വാഹന ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും. വാഹനത്തിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ഉടമയ്‌ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. അനുമതിയില്ലാതെ യാത്ര ചെയ്തവര്‍ക്കെതിരെയും നിയമ നടപടികളുണ്ടാവും. ജില്ലാ അതിര്‍ത്തികളില്‍ പൊലീസ് ചരക്ക് വാഹനങ്ങള്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കും.

ജില്ലയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിനായി ഇന്നലെ (ഏപ്രില്‍ 17) 105 ചരക്ക് വാഹനങ്ങള്‍ക്കുകൂടി യാത്രാ പാസുകള്‍ അനുവദിച്ചു. സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കെത്തിക്കുന്നതിന് 74 വാഹനങ്ങള്‍ക്കും ജില്ലയ്ക്കകത്തും മറ്റ് ജില്ലകളില്‍ നിന്നും ചരക്കെടുക്കുന്ന 31 വാഹനങ്ങള്‍ക്കുമാണ് പാസ് അനുവദിച്ചത്. ഇതോടെ ജില്ലയില്‍ നിന്ന് ഇതുവരെ ചരക്ക് വാഹനങ്ങള്‍ക്ക് അനുവദിച്ച പാസുകള്‍ 1,334 ആയി.

സംസ്ഥാനത്തിനു പുറത്തു നിന്ന് ചരക്കുകളെത്തിക്കുന്ന വാഹനങ്ങള്‍ക്ക് കലക്ടറേറ്റില്‍ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ നിന്നാണ് പാസുകള്‍ നല്‍കുന്നത്. വിശദ വിവരങ്ങള്‍ക്ക് 0483 -2734 990 എന്ന നമ്പറിലോ vehiclepassmpm@gmail.com എന്ന ഇ മെയില്‍ വഴിയോ ബന്ധപ്പെടാം. ജില്ലയ്ക്കകത്തും മറ്റു ജില്ലകളിലേക്കും ചരക്കെടുക്കാന്‍ പോകുന്ന വാഹനങ്ങള്‍ക്ക് പൊലീസ് നല്‍കുന്ന യാത്രാ പാസുകള്‍ ഉപയോഗിക്കാം. https://pass.bsafe.kerala.gov.in എന്ന ലിങ്ക് വഴി ഈ സൗകര്യം ഉപയോഗപ്പെടുത്താം.

Comments are closed.