1470-490

യുവാക്കളുടെ ഡ്രോൺ നിരീക്ഷണം പോലീസിന് തുണയായി

ലോക്ഡൗണിൽ വ്യാജവാറ്റും ചീട്ടുകളി സംഘങ്ങളും വ്യാപകമായ പുതുക്കാട് മേഖലയിൽ ഹെലി ക്യാമുമായെത്തിയ യുവാക്കൾ പോലീസിന് തുണയായി.
പുതുക്കാടിന്റെ ആകാശത്ത് പോലീസിന്റെ ഡ്രോൺ നിരീക്ഷണം ബുധനാഴ്ച ആരംഭിച്ചു. തൃക്കൂർ, പുതുക്കാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങിൽ നിരീക്ഷണം നടത്തി. കല്ലൂർ നായരങ്ങാടിയിലെ സ്വകാര്യ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ഡ്രോൺ നിരീക്ഷണം നടത്തുന്നത്.
തോട്ടം, മലയോര മേഖലയിൽ വ്യാജവാറ്റ് വ്യാപകമാണെന്നും ഹെലിക്യാം നിരീക്ഷണം ഏർപ്പെടുത്തണമെന്നുമുള്ളകൊടകര ബ്ലോക്ക് പഞ്ചായത്തംഗം പ്രീബനൻ ചുണ്ടേലപ്പറമ്പിലിന്റെ നിവേദനമായിരുന്നു തുടക്കം. സാങ്കേതികത സംവിധാനങ്ങളുടെ അപര്യാപ്തത പോലീസിനും തലവേദനയായിരുന്നു. പോലീസിന്റെ നിസ്സഹായത മനസ്സിലാക്കിയ പ്രീബനൻ സുഹൃത്തുക്കളുമൊത്ത് സഹായ വാഗ്ദാനവുമായെത്തി. തുടർന്ന് നായരങ്ങാടിയിലെ ‘പേരയ്ക്ക’ വെഡ്ഡ് പ്ലാനർ സ്റ്റുഡിയോയിലെ ഹെലിക്യാം പോലീസിനു വേണ്ടി നിരീക്ഷണത്തിന് ഒരുക്കി.
ലോക്ഡൗൺ കഴിയുന്നതുവരെ പുതുക്കാട് പോലീസിനുവേണ്ടി ഡ്രോൺ നിരീക്ഷണം ഉറപ്പു നൽകിയിട്ടുണ്ടെന്ന് പ്രീബനൻ പറഞ്ഞു.
ബുധനാഴ്ച പുതുക്കാട് പഞ്ചായത്തിലെ കണ്ണമ്പത്തൂർ, കാഞ്ഞൂപ്പാടം, തൃക്കൂർ പഞ്ചായത്തിലെ മതിക്കുന്ന്, പൂണിശ്ശേരിക്കുന്ന് ഭാഗങ്ങളിൽ പോലീസ് ഡ്രോൺ നിരീക്ഷണം നടത്തി. വ്യാഴാഴ്ച ചീനിക്കുന്ന്, കുറുമാലി, പ്രജ്യോതി കോളേജ് പരിസരം, തൃക്കൂർ പഞ്ചായത്തിന്റെ കിഴക്കൻ മലയോര പ്രദേശങ്ങളിലും നിരീക്ഷണമുണ്ടായി.
പുതുക്കാട് പോലീസ് എസ്.എച്ച്.ഒ. എസ്.പി. സുധീരൻ, എസ്.ഐ. കെ.എൻ. സുരേഷ് എന്നിവർ ഡ്രോൺ നിരീക്ഷണത്തിന് നേതൃത്വം നൽകി.

Comments are closed.