1470-490

ടെലി കൗൺസിലിംഗുമായി പുതുക്കാട് പഞ്ചായത്ത്


കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിരീക്ഷണത്തിലുള്ളവർക്കും അവരുടെ കുടുംബങ്ങൾക്കും ടെലി കൗൺസിലിംഗുമായി പുതുക്കാട് ഗ്രാമ പഞ്ചായത്ത്. വീടുകളിൽ നിരീക്ഷണത്തിലുള്ളവർക്ക് മാനസികമായി ഉണ്ടാകുന്ന വിഷമതകളെ നേരിടുന്നതിനായാണ് ടെലി കൗൺസിലിങ്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റ് ജില്ലകളിൽ നിന്നും തിരികെവരാൻ സാധ്യതയുള്ള പഞ്ചായത്തിലെ താമസക്കാരുടെ ലിസ്റ്റ് ഭരണസമിതി തയ്യാറാക്കി. അസുഖം കൂടുതൽ ഗുരുതരമാകാൻ സാധ്യതയുള്ളവർ, പ്രതിരോധശേഷി കുറഞ്ഞവർ, അനിയന്ത്രിത പ്രമേഹമുള്ളവർ, ഗർഭിണികൾ, പ്രായാധിക്യമുള്ളവർ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപ്പെട്ടവർക്ക് രോഗം പകരാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്രയും ദിവസം കോവിഡിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തനങ്ങളിലേർപ്പെട്ട ആശാവർക്കർമാരും കുടുംബശ്രീ അംഗങ്ങളുമുൾപ്പെട്ട എല്ലാവർക്കും പ്രത്യേക കരുതലിന്റെ ഭാഗമായി വേണ്ട നിർദ്ദേശങ്ങൾ നൽകും. ക്വാറന്റൈൻ പൂർത്തീകരിച്ച വീടുകളിലേക്ക് ആരോഗ്യ പ്രവർത്തകരടങ്ങുന്ന സംഘത്തെ അയച്ചു നിലവിലെ സ്ഥിതി മനസിലാക്കും.
ഇതിനുപുറമെ മഴക്കാലരോഗങ്ങളും കൊതുകുജന്യ രോഗങ്ങളും ജലജന്യ രോഗങ്ങളും തടയാൻ ആവശ്യമായ നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ശിവരാജൻ, പുതുക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ബിനോജ് ജോർജ് മാത്യു, ഹെൽത്ത് ഇൻസ്‌പെക്ടർ സി എൻ വിദ്യാധരൻ, പഞ്ചായത്ത് സെക്രട്ടറി കെ ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.