1470-490

ഗുരുവായൂർ ക്ഷേത്രത്തിൽ താൽക്കാലിക മേൽശാന്തിയായി പഴയത്ത് സതീശൻ നമ്പൂതിരിയെ നിയമിച്ചു

ഗുരുവായൂർ:  ഗുരുവായൂർ ക്ഷേത്രത്തിൽ താൽക്കാലിക മേൽശാന്തിയായി പഴയത്ത് സതീശൻ നമ്പൂതിരിയെ നിയമിച്ചു. ക്ഷേത്രം ഓതിക്കൻ കുടുംബാംഗമാണ് സതീശൻ നമ്പൂതിരി. വെള്ളിയാഴ്ച രാത്രി അത്താഴ പൂജയ്ക്ക് ശേഷം ചുമതലയേൽക്കും.
 നിലവിലെ മേൽശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയുടെ കാലാവധി മാർച്ച് 31ന് അവസാനിച്ചിരുന്നു. ലോക്ക്ഡൗൺ മൂലം പുതിയ മേൽശാന്തിയെ തെരഞ്ഞെടുക്കാനുള്ള ഇൻറർവ്യൂ നടത്താൻ സാധിയ്ക്കാതെ വന്നതിനെ തുടർന്ന് അദ്ദേഹം ചുമതല തുടരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് മുൻ ക്ഷേത്രം മേൽശാന്തിയും ക്ഷേത്രം ഓതിക്കനുമായ പഴയം സതീശൻ നമ്പൂതിരിയെ ഇടക്കാല മേൽശാന്തിയായി നിയമിക്കാൻ ദേവസ്വം ഭരണസമിതി തീരുമാനിച്ചത്. ദേവസ്വം ചെയർമാൻ അഡ്വ. കെ.ബി.മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ എസ്.വി.ശിശിർ എന്നിവർ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് നാരായണൻനമ്പൂതിരിപ്പാടുമായും നാല് ഓതിക്കൻ  കുടുംബങ്ങളിലെ മുതിർന്ന അംഗങ്ങളുമായും ദേവസ്വം ഭരണസമിതി അംഗങ്ങളുമായും ആശയ വിനിമയം നടത്തിയാണ് ഇടക്കാല മേൽശാന്തിയെ നിയമിക്കാൻ തീരുമാനിച്ചത്.
   ക്ഷേത്രം ഓതിക്കൻ കുടുംബാംഗങ്ങൾക്ക് ക്ഷേത്രം മേൽശാന്തിയാകാം എന്നതിനാലാണ് ഓതിക്കൻ കുടുംബാംഗത്തെ ഇടക്കാല മേൽശാന്തിയായി നിയമിച്ചത്. മേൽശാന്തി നിയമനത്തിനായി നിലവിലുള്ള അപേക്ഷകരിൽനിന്ന് ക്രമപ്രകാരം തിരഞ്ഞെടുപ്പ് നടത്തി പുതിയ മേൽശാന്തി ചുമതല ഏൽക്കുന്നതുവരെയാണ് ഇടക്കാല മേൽശാന്തിയുടെ നിയമനം. ക്ഷേത്രം മേൽശാന്തി പുറപ്പെടാ ശാന്തിയായി ക്ഷേത്ര മതിലകത്ത് തന്നെ താമസിക്കണം എന്നാണ് കീഴ്‌വഴക്കമെങ്കിലും ഇടക്കാലമേൽശാന്തി പുറപ്പെടാശാന്തി ആയിരിക്കില്ല. പഴയത്ത് സതീശൻനമ്പൂതിരി 2014 ൽ ഏപ്രിൽ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ ക്ഷേത്രം മേൽശാന്തി ആയിരുന്നു.

Comments are closed.