1470-490

സിപിഎം പ്രതികൾക്കു വേണ്ടി നൽകിയ വക്കീൽ ഫീസിൽ മയ്യത്ത് പുതപ്പിൻ്റെ നികുതി കൂടിയുണ്ട്

കോഴിക്കോട്: ഷുക്കൂർ വധക്കേസും ഷുഹൈബ് വധക്കേസും വാദിക്കാൻ രണ്ട് കോടി രൂപ നൽകിയ വക്കീൽ ഫീസിൽ ഇവരുടെ മാതാപിതാക്കൾ മയ്യത്ത് പുതപ്പിച്ച തുണിയുടെ നികുതി കൂടിയുണ്ടെന്ന് കെ.എം ഷാജി എം എൽ എ. എം.കെ മുനീറിൻ്റെ വീട്ടിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു’
തിരുവനന്തപുരത്ത് നിന്ന് തൃശ്ശൂരിലേക്ക് പാർട്ടി സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പറന്നുവന്ന ഹെലികോപ്റ്ററിന് എട്ട് ലക്ഷം രൂപ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നൽകിയാണ്. പക്ഷേ പിന്നീട് അത് റദ്ദാക്കുകയായിരുന്നുവെന്നും ഷാജി പറഞ്ഞു. പക്ഷേ എന്നാലും അങ്ങനെ കൊടുക്കാൻ പാടുണ്ടോ. ഇതാണ് ഞങ്ങളുടെ ചോദ്യം. രണ്ട് കോടി രൂപയാണ് ഷുക്കൂറിന്റെയും ഷുഹൈബിന്റെയും കേസ് വാദിക്കാൻ അഡ്വ. രജിത് കുമാറിന് നൽകിയത്. ഒരു മണിക്കൂറിന് 25 ലക്ഷം രൂപ ഫീസുള്ള വക്കീലാണ് രജിത് കുമാർ. ഔദ്യോഗിക രേഖ എന്റെ കൈയ്യിലുണ്ട്. മുഖ്യമന്ത്രി പറയുന്നുണ്ട് അത് ദുരിതാശ്വാസ ഫണ്ടിൽ നിന്നല്ലെന്ന്, ശരി, എങ്കിൽ പിന്നെ എവിടുന്നാണ് മുഖ്യമന്തി നിങ്ങൾ ആ പണം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.
. ശരത് ലാലിന്റെയും കൃപേഷിന്റെയും സംസ്കാര ചടങ്ങുകൾ നടത്താൻ വാങ്ങിയ ചന്തനത്തിരിയുടെയും എണ്ണയുടെയും നികുതിപ്പണവുണ്ട്. ആ പണം എടുത്താണോ കൊലയാളികൾക്ക് വേണ്ടി വാദിച്ച വക്കീലിന് കൊടുക്കേണ്ടത്. അത് ചോദിച്ചൂടെ, ഞങ്ങൾക്ക് ചോദിക്കാൻ അവകാശമില്ലേ.. കൊവിഡ് പ്രമാണിച്ച് രാഷ്ട്രീയത്തിന് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടോയെന്നും ഷാജി ചോദിച്ചു

ദുരിതാശ്വാസ നിധിയിലെ പണം നേർച്ചപ്പെട്ടിടിയിൽ ഇടുന്ന പൈസയല്ല. സർക്കാരിന് കൊടുക്കുന്ന പൈസയാണ്. അതേ പറ്റി ചോദിക്കുന്നതാണോ തെറ്റെന്ന് ഷാജി പറഞ്ഞു. കോഴിക്കോട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കെ.എം ഷാജി.

ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്ത് ഒരു ഇടതുപക്ഷ എംഎൽഎയ്ക്ക് കൊടുത്തില്ലേ എന്നും അദ്ദേഹം ചോദിച്ചു. 25 ലക്ഷം രൂപയാണ് കൊടുത്തത്. ഞാൻ അവരുടെ പേര് പറയുന്നില്ല. മുഖ്യമന്ത്രിയെ പോലെ ആൾക്കാരെ ആക്ഷേപിക്കാനല്ല ഞാൻ പത്രസമ്മേളനം നടത്തുന്നത്.

പൊതുപ്രവർത്തകരുടെ ആശുപത്രി ചിലവിന്റെ പണം കൊടുത്തെങ്കിൽ മനസിലാക്കാം. പക്ഷേ ബാങ്കിലെ കടം വീട്ടാനാണ് പണം കൊടുത്തത്. മുഖ്യമന്ത്രി ഇന്നലെ ചോദിച്ചു ദുരിതാശ്വാസ നിധിയിലെ പണം ഇങ്ങനെയൊക്കെ ചിലവഴിക്കാവോ എന്ന്. ഞങ്ങളും അതുതന്നെയാണ് ചോദിക്കുന്നത്.

പൊതുപ്രവർത്തകർക്ക് ചിലപ്പോൾ അവസാനകാലത്ത് ബുദ്ധിമുട്ടിലാകാം. അവരെയൊക്കെ ആരെങ്കിലുമൊക്കെ സഹായിക്കുന്നുണ്ടാകാം. പൊതുജനങ്ങളുടെ കയ്യിലെ പണം എടുത്ത് ഇങ്ങനെ പാർട്ടിക്കാരെ സഹായിക്കാൻ കൊടുക്കുന്നത് മാന്യമായ ഏർപ്പാടല്ല.

ആയിരം കോടിരൂപയോളം ഗ്രമീണ റോഡുകൾ നിർമിക്കാൻ ദുരിതാശ്വാസ നിധിയിൽ നിന്ന് പണമെടുത്താണ് കൊടുത്തത്. ഇതിൽ നിന്ന് പ്രതിപക്ഷത്തെ എം.എൽ.എമാർക്ക് ഏഴ് ശതമാനവോ, എട്ട് ശതമാനമോ ആണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയൻ മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളമെന്നും ഷാജി പറഞ്ഞു.

പ്രളയം അല്ല, കൊവിഡ് അല്ല അതിന് അപ്പുറത്തെ എന്തുവന്നാലും ഷുക്കൂറിന്റെയും ശരത് ലാലിന്റെയും കൃപേഷിന്റെയും ഒക്കെ മാതാപിതാക്കളുടെ കണ്ണീരോളം വരില്ല അതൊന്നും. അത് ആരും മറക്കുമെന്ന് വിചാരിക്കേണ്ട. ആ കേസിന്റെ അവസാനം വരെ ഞാനുണ്ടാകും. പിണറായിയെ കാണുമ്പോൾ മുട്ടുവിറച്ച് മൂത്രമൊഴിക്കുന്ന പാർട്ടിപ്രവർത്തകരല്ല കേരളത്തിലെ ജനങ്ങൾ.

ഞാൻ ഇന്നലെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പരാമർശിച്ച പോലെ വിക്രമിന്റെ അന്യൻ സിനിമയ്ക്ക് പല ഭാവവ്യത്യാസങ്ങളുമുണ്ട്. പെട്ടെന്ന് ക്രൂദ്ധനായി, പെട്ടെന്ന് ശാന്തനായി, നമ്മുടെ മുഖ്യമന്ത്രി അങ്ങനെയാണ് ബിജെപിക്കാരെ കാണുമ്പോൾ ശാന്തനായി, ഇടയ്ക്കൊന്ന് കണ്ണിറുക്കി, ലൈറ്റ് ഒക്കെ ഓഫാക്കി വളരെ ലാസ്യഭാവനത്തിൽ. പ്രളയവും ഓഖിയുമൊക്കെ കഴിയുമ്പോൾ പണം വേണമല്ലോ അപ്പോൾ വളരെ ശാന്തഭാവത്തിൽ. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ചോദിച്ചാൽ ക്രൂദ്ധഭാവത്തിൽ ഈ അഭിനയം കൊള്ളാം.

സോഷ്യൽ മീഡിയ കൈകാര്യം ചെയ്യാൻ ഒരു കോടി എഴുപത്തഞ്ച് ലക്ഷം രൂപയാണ് മുഖ്യമന്ത്രി ചിലവഴിക്കുന്നത്. ഇത് കഴിഞ്ഞ വർഷത്തെ കണക്കാണ്. അദ്ദേഹത്തിന്റെ പി.ആർ വർക്കിന് വേണ്ടി ചിലവഴിച്ച കോടികൾ എത്രയാണ്. ഈ പണം എവിടുന്നാകൊടുക്കുന്നത്. ഞാൻ നേരത്തെ സൂചിപ്പിച്ചപോലെ ആരുടെയും അച്ചി വീട്ടിലെ പൈസ അല്ല. എന്റെ മുമ്പിൽ ക്യാമറയും തൂക്കിനിൽക്കുന്ന നിങ്ങളടക്കം ഉള്ള മുഴുവൻ പാവങ്ങളുടെയും പണമാണ്.

8000 കോടി രൂപ പ്രളയ ഫണ്ടിലേക്ക് വന്നു. 20.7.19 വരെ അത് ചിലവഴിച്ചത് 2000 കോടിയാണ്. 5000 കോടിയോളം പ്രളയഫണ്ടിനുവേണ്ടി കൊടുത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലുണ്ട്. നിങ്ങളതിന്റെ നോംസ് എടുത്ത് വായിച്ചുനോക്കു. ഇമ്മീഡിയറ്റ് റിലീഫ് എന്നാണ് എഴുതിയിരിക്കുന്നത്. പ്രളയം കഴിഞ്ഞിട്ട് എത്രയായി.

കാക്കനാടെ സഖാവ് പണം അടിച്ചുമാറ്റുമ്പോൾ പതിനായിരം രൂപ കിട്ടാതെ വയനാട്ടിലെ ഒരു സാധു ആത്മഹത്യ ചെയ്തില്ലേ. എന്താ അതിന്റെ രാഷ്ട്രീയം അത് ഞങ്ങൾക്ക് ചോദിക്കാനാകില്ലെ. എന്റെ വൃക്ക വിൽക്കാനുണ്ടെന്ന് ഇടുക്കിയിലെ ഒരു പാവം എഴുതിവെച്ചില്ലേ. രണ്ട് പ്രളയം ബാധിച്ച ആളാണ് 10000 രൂപയ്ക്ക് വേണ്ടി ആത്മഹത്യ ചെയ്തത്.

46 കോടിരൂപ ദുരിതാശ്വാസ നിധിയിലെ പണം വകമാറ്റി ചിലവഴിച്ചത് ചോദിക്കുമ്പോൾ മുഖ്യമന്ത്രി എനിക്കെതിരെ വെറളി എടുക്കുമ്പോൾ ലോകായുക്തയിൽ കേസ് നടക്കുകയാണ്. അതെങ്ങനെയാണ് സംഭവിച്ചത്. പിന്നെ അദ്ദേഹം പറഞ്ഞ മറ്റൊരു കാര്യമുണ്ട്. എനിക്ക് വികൃത മനസാണെന്ന് എനിക്ക് വികൃത മനസാണോ, സുകൃത മനസാണോ എന്ന് സ്ഥിരീകരിക്കേണ്ടത് നാട്ടുകാരാണ്. ഒരുകാര്യം ഉറപ്പുണ്ട് എന്റെ മനസുകൊണ്ട് ഒരമ്മയ്ക്കും കണ്ണുനീർ പൊഴിക്കേണ്ടിവന്നിട്ടില്ല, ഒരു മകനും അച്ഛനില്ലാതായി പോയിട്ടില്ല, ഏതെങ്കിലും ഒരു വീട്ടിൽ ഒരു നേരത്ത് പട്ടിണി കിടക്കേണ്ടിവന്നില്ല. ഒരു ഭാര്യയ്ക്കും ഭർത്താവിനെ നഷ്ടപ്പെട്ട് കരയേണ്ടിവന്നിട്ടില്ല. ഇതൊക്കെ സംഭവിച്ചത് ആരുടെ വികൃതമുഖവും വികൃത മനസും മൂലമാണെന്ന് മലയാളിക്ക് നന്നായിട്ടറിയാമെന്നും ഷാജി പറഞ്ഞു.

Comments are closed.

x

COVID-19

India
Confirmed: 44,672,787Deaths: 530,612