1470-490

കോവിഡ് നിരീക്ഷണം: പ്രവാസികൾക്കായി 2.5 ലക്ഷം മുറി റെഡി

തിരുവനന്തപുരം.
പ്രവാസികൾ നാട്ടിൽ തിരിച്ചെത്തിയാൽ കോവിഡ് നിരീക്ഷണത്തിനായി തങ്ങാന്‍ രണ്ടര ലക്ഷത്തോളം മുറി വിവിധ ജില്ലകളിലായി ഒരുക്കി കേരളം. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്രം സൗകര്യമൊരുക്കിയാൽ ഇവ ഉപയോഗപ്പെടുത്താനാകും. ഇതിൽ ഒന്നര ലക്ഷത്തോളം മുറികളിൽ എല്ലാ സൗകര്യവും ഉറപ്പുവരുത്തി.
ജില്ലകളിൽ നിരീക്ഷണ കേന്ദ്രമൊരുക്കാന്‍ നേരത്തെ തന്നെ കലക്ടർമാർക്ക്‌ നിർദേശം നൽകിയിരുന്നു. ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോസ്‌റ്റലുകൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ എന്നിവ കണ്ടെത്താനായിരുന്നു നിർദേശം. പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിട വിഭാഗത്തിനാണ്‌ ചുമതല. പണം നൽകി ഉപയോഗിക്കാൻ കഴിയുന്നതും അല്ലാത്തതുമായ കെയർ സെന്ററുകളുണ്ട്‌. ആലപ്പുഴയിൽ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്.
തിരുവനന്തപുരത്ത് 7500 മുറിയും ഏറ്റവും കൂടുതൽ പ്രവാസികളുള്ള മലപ്പുറത്ത്‌ 15000 മുറിയും സജ്ജമാക്കി. നിരവധി സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും സ്ഥാപനങ്ങളും കെട്ടിടങ്ങളും വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്‌.

Comments are closed.